ഇലപൊഴിയും കാടുകളിലും മുളങ്കാടുകളിലും കണ്ടുവരുന്ന ഒരു സാധാരണ ശലഭമാണ് പൂങ്കണ്ണി (Gladeye Bushbrown, Mycalesis patnia). ഇവയുടെ ചിറകളവ് 40-45 മില്ലീമീറ്ററാണ്. മുന്‍പിന്‍ ചിറകുകളുടെ ഉപരിഭാഗം തവിട്ടുനിറമാണ്. മുന്‍ചിറകിന്റെ അടിഭാഗത്ത് ചിറകരികിലായി ഒരു വലിയ വെളുത്ത പൊട്ടുകാണാം. വെള്ളി വലയത്താല്‍ ചുറ്റപ്പെട്ട ഈ കണ്‍പൊട്ട് മറ്റു തവിടന്‍ ശലഭങ്ങളില്‍ നിന്നും പൂങ്കണ്ണിയെ വേഗം തിരിച്ചറിയാന്‍ സഹായിക്കുന്നു. മഴക്കാലത്ത് ഈ കണ്പൊട്ടുമാത്രം മുന്‍ചിറകിന്റെ ഉപരിഭാഗത്ത് വ്യക്തമായി കാണാന്‍ സാധിക്കും. ഈ വെളുത്ത കണ്പൊട്ടിനുള്ളില് കൃഷ്ണമണിപോലെ ഒരു കറുത്ത പൊട്ടും അതിന്റെ മദ്ധ്യത്തായി ഒരു ചെറിയ വെളുത്ത പൊട്ടും ഉണ്ട്.
പൂങ്കണ്ണി മിക്കവാറും തറയില്‍നിന്നും വളരെ ഉയരത്തിലല്ലാതെ സാവധാനമാണ് പറന്നു നടക്കുന്നത്. അഴുകിയ പഴങ്ങളില്‍നിന്നും ജീര്‍ണ്ണിച്ച സസ്യാവശിഷ്ടങ്ങളില്‍നിന്നും ഇവ നീരൂറ്റിക്കുടിക്കുന്നു. പൂന്തേന്‍ നുകരുന്നതായി നിരീക്ഷിച്ചിട്ടില്ല. ആണ്-പെണ് ശലഭങ്ങള്‍ക്ക് നിറത്തിലും വലിപ്പത്തിലും നേരിയ വ്യത്യാസമുണ്ട്. പെണ്ശലഭങ്ങള് പുല്ച്ചെടികളിലാണ് മുട്ടയിടുന്നത്. ഓരോ മുട്ട വീതമാണിടുന്നത്. ഉരുണ്ട് വെളുത്ത മുട്ട വിരിയാറാകുമ്പോള്‍ ഇളം തവിട്ടുനിറത്തിലാകുന്നു. മുട്ടവിരിയുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പ് മുട്ടയ്ക്കകത്തുള്ള ശലഭ ലാര്‍വ്വയുടെ തല സുതാര്യമായ മുട്ടത്തോടിലൂടെ കാണാന്‍ കഴിയും. മുട്ടവിരിഞ്ഞ് പുറത്തുവരുന്ന ശലഭപ്പുഴുവിന്റെ ശരീരം സുതാര്യമായിരിക്കും. ഇല കഴിച്ചുതുടങ്ങുമ്പോള്‍ ഇലയുടെ പച്ചനിറം ശരീരത്തിനുള്ളിലേക്ക് പകരുന്നത് കാണാം. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ലാര്‍വക്ക് കടും തവിട്ടുനിറമായിരിക്കും. കറുത്ത തലയില്‍ പൂച്ചയുടെ കാത്പോലെ രണ്ട് കൊമ്പുകള്‍ ഉണ്ട്. മറ്റു ജീവികള്‍ ശല്യം ചെയ്താല്‍ അട്ട ചുരുളുന്നതുപോലെ ചുരുണ്ട് ചത്തതുപോലെ കിടക്കും. കുറച്ച് സമയം കഴിഞ്ഞ് വീണ്ടും ഇലയിലേക്ക് പോകും. പ്യൂപ്പക്ക് പച്ചനിറമാണ്. ഒരറ്റം ഇലയിലോ തണ്ടിലോ ഒട്ടിച്ച് തൂങ്ങിക്കിടക്കുന്നു. പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും ഇവയെ കണ്ടുവരുന്നു.
Tags: butterfly, Gladeye Bushbrown, ചിത്രശലഭം, പൂങ്കണ്ണി, ശലഭം