അന്നുമിന്നും പ്രകൃതിനിയമങ്ങൾ തന്നെയാണ് ആത്യന്തികം എന്ന് ഒരിക്കൽ കൂടി വായിച്ചെടുക്കേണ്ട കാലമാണിത്. പരിണാമശ്രേണിയിൽ ഏകദേശം രണ്ടു ലക്ഷം വർഷങ്ങൾക്കു മുമ്പ് മാത്രം ജന്മംകൊണ്ട ആധുനിക മനുഷ്യന് കാട് ഏറെക്കുറെ അന്യമാണിന്ന്, വന്യമൃഗങ്ങൾ അതിലേറെയും. കൊല്ലുന്നത് നിലനിൽപ്പിനും വിശപ്പടക്കാനും മാത്രമായ കാലത്ത് നിയമങ്ങൾ പ്രകൃതി തന്നെ ചിട്ടപ്പെടുത്തി വച്ചിരുന്നു. ജീവൻ അതിനനുസരിച്ച് ഉത്ഭവിച്ചും രൂപാന്തരപ്പെട്ടും നിലച്ചും അതിന്റെ പ്രയാണം തുടർന്നുകൊണ്ടിരുന്നു. ഒരു ജനനത്തിന്‍റെ ആത്യന്തികലക്ഷ്യം ഭൂമിയിൽ അതിന്‍റെ ജീവൻ നിലനിർത്തുക എന്നത് മാത്രമായിരുന്നു. എന്നാൽ ലക്ഷ്യം അതിനപ്പുറത്തേക്ക് വിശാലമായി വിഭാവനം ചെയ്യാനും കൊണ്ടുപോകാനും സാധ്യമായത് മനുഷ്യജീവന് മാത്രമാണ്. പ്രകൃതി അതിനു എന്ത് ഉദ്ദേശ്യമാണ് കൽപ്പിച്ചു നൽകിയിട്ടുള്ളത് എന്നത് ഒരു സമസ്യയാണ്.
ദിനരാത്രങ്ങൾ ആദിമനുഷ്യനെ, അവന്‍റെ പ്രവൃത്തികളെ പൂർണമായും നിയന്ത്രിച്ചിരുന്ന കാലത്ത് ‘തീ’ യുടെ കണ്ടെത്തൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി. ഭക്ഷണത്തിനായി നായാടി അലഞ്ഞിരുന്ന മനുഷ്യൻ കാർഷികവൃത്തിയുടെ ആരംഭത്തോടെ കാട്ടിൽ പല സ്ഥലങ്ങളിൽ തമ്പടിച്ചു. ചുറ്റുപാടുകളെ അവന്‍റെ ആവശ്യങ്ങൾക്കനുസരിച്ച് മാറ്റിയെടുക്കാൻ ആരംഭം കുറിച്ചത് അതോടെയായിരുന്നു. ക്രമേണ സ്ഥായിയായ നിലനിൽപ്പ് ലക്ഷ്യമാക്കിയ മനുഷ്യൻ വ്യാപകമായി കൃഷി ചെയ്യാനും ധാന്യങ്ങൾ ശേഖരിച്ചു വയ്ക്കാനും ആരംഭിച്ചു. ഒരിക്കൽ ജീവന്‍റെ നിലനിൽപ്പിനും ഭക്ഷണത്തിനും വേണ്ടി മാത്രം മൃഗങ്ങളോട് മല്ലിട്ടിരുന്ന മനുഷ്യൻ പിന്നീട് തന്‍റെ കാർഷികവിളകളുടെ സംരക്ഷണത്തിനായി അന്നുവരെ പങ്കിട്ടു ജീവിച്ച സ്വഭാവം വെടിഞ്ഞ് മുൻകരുതലുകൾക്കും അനാവശ്യ നായാട്ടുകൾക്കും മുതിർന്നു. അത് വന്യമൃഗങ്ങളുടെ സ്വൈരവിഹാരങ്ങൾക്ക് തടസ്സം സൃഷ്ടിച്ചു. അതോടെ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾക്ക് തുടക്കം കുറിച്ചു. നാമിന്ന് കാണുന്ന ‘ചിന്തിക്കാൻ ശേഷിയുള്ള’ ആധുനികമനുഷ്യന്റെ പിറവിയായിരുന്നു അത്.
കാലാവസ്ഥയുടെ തീക്ഷ്ണവും അനേക സംവത്സരങ്ങൾ നീണ്ടുനിൽക്കുന്നതുമായ മാറ്റങ്ങൾ കാടുകളെ ചുരുക്കി.കൂടെ നാഗരികതയുടെ വികാസവും വ്യാപകമായ കൃഷിയും കാടുകളെ മലകളോടു മാത്രം ചേർത്തുനിർത്തി. പത്തൊമ്പതാം നൂറ്റാണ്ടിലെ ആരംഭം വരെ തിരുവിതാംകൂർ സർക്കാർ വനങ്ങളെ ‘ഉപയോഗശൂന്യമായ’ ഇടമായി വിലയിരുത്തിക്കൊണ്ട് കൃഷി അനുവദിച്ചു വന്നിരുന്നു.(കാരണം കാട്ടിൽ നിന്നും സർക്കാരിന് വരുമാനം ഒന്നുമില്ലല്ലോ!) അതിൽ കൂടുതലും ഏലകൃഷിയായിരുന്നു. ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ 1798-ല്‍ ആദ്യമായി കാപ്പി തോട്ടങ്ങൾക്ക് തുടക്കം കുറിച്ചെങ്കിലും 50 വർഷങ്ങൾക്കിപ്പുറമാണ് അതിന് സ്ഥിരത കൈവന്നത്.
ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കം വരെ കേരളത്തിന്‍റെ ഭൂവിസ്തൃതിയുടെ പകുതിയും വനപ്രദേശങ്ങളായിരുന്നു. 1865-ലെ ഇന്ത്യൻ ഫോറസ്റ്റ് ആക്ട് സമൃദ്ധമായ വനങ്ങളുടെ മേൽ ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യം ഉറപ്പിക്കാൻ വേണ്ടി രൂപം കൊടുത്ത ഒന്നായിരുന്നു. ഇടതൂർന്ന പശ്ചിമഘട്ട വനങ്ങളിൽ നിന്നും വളരെയധികം വന്മരങ്ങൾ പുഴകളിലൂടെ ഒഴുക്കി, കടലിലെത്തിച്ചു കപ്പൽ കയറ്റിപ്പോയി. ഇന്ത്യയിലുടനീളം പണിതു വന്നിരുന്ന റെയിൽപ്പാളങ്ങൾക്ക് സ്ലീപ്പറായി ചുരുളിമരങ്ങൾ (നാഗകേസരം-Iron Wood Tree) വൻതോതിൽ ഉപയോഗിക്കാന്‍ തുടങ്ങി. പശ്ചിമഘട്ടത്തിലെ ഇടതൂർന്ന വനങ്ങളിൽ നിന്നും ഈ വൃക്ഷം ഏറെക്കുറെ അപ്രത്യക്ഷമാകുന്ന അവസ്ഥ വന്നു. നിലമ്പൂരിൽ നിന്നും പറമ്പിക്കുളം ഉൾക്കാടുകളിൽ നിന്നും ഒന്നാംതരം തേക്ക് തടികൾ തുടർച്ചയായി ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറി. പറമ്പിക്കുളം മുതൽ ചാലക്കുടി പുഴ വരെ നിർമ്മിച്ച ഫോറസ്റ്റ് ട്രാംവെ യുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി 1940-ൽ Tramway rules വരെ രൂപീകൃതമായി.
1865-ലെ ‘WASTE LAND RULES’ തിരുവിതാംകൂറിലുള്ള കാപ്പിത്തോട്ടമേഖലയുടെ പരിപോഷണത്തിന് വഴി തെളിച്ചു. എന്നിരുന്നാലും വിശാലമായ മലഞ്ചെരിവുകൾ കൈവശം വച്ചിരുന്ന മലബാറിലുള്ള ജന്മിമാർ ഭൂമി കൃഷിക്ക് വിട്ടു നൽകാൻ തയ്യാറായില്ല. തുടർന്ന് ബ്രിട്ടീഷ് കമ്മീഷണർ വയനാട്ടിലെ പല സ്വകാര്യവനങ്ങളും ജന്മിമാരിൽ നിന്നും പിടിച്ചെടുത്തു ഏലവും കുരുമുളകും കൃഷിയിറക്കി. പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാനം മണ്ട്രോ സായിപ്പിന്‍റെ മൂന്നാർ സന്ദർശനത്തോടെയാണ് മൂന്നാർ മലനിരകളിൽ ഏലം ഉൾപ്പെടെയുള്ള നാണ്യവിളകളുടെ കൃഷി ആരംഭിക്കുന്നത്. 1879-ല്‍ അദ്ദേഹം North Travancore Land Planting & Agricultural Society ക്ക് രൂപം നൽകി. പൂഞ്ഞാർ രാജാവിൽ നിന്നും തോട്ടങ്ങള്‍ക്കായി മലനിരകൾ പാട്ടത്തിനു ലഭ്യമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ മൂന്നാറിൽ തേയിലത്തോട്ടങ്ങൾക്ക് ജന്മം നൽകിയത് A.H ഷാർപ്പ് എന്ന ബ്രിട്ടീഷുകാരനായിരുന്നു. ക്രമേണ മൂന്നാറിൽ തേയിലയും ഏലവും ഒരുപോലെ വ്യാപകമായി. ഒപ്പം ഏലക്കാടുകളിലെ കയ്യേറ്റങ്ങളും. 1920 മുതൽ 1940 വരെയുള്ള കാലഘട്ടങ്ങളിൽ ഏലക്കാടുകളുടെ രജിസ്ട്രേഷനും തുടർന്നുള്ള കയ്യേറ്റങ്ങളും നിയന്ത്രണവിധേയമായും അല്ലാതെയും തുടർന്നുകൊണ്ടിരുന്നു. രണ്ടാം ലോകമഹായുദ്ധം ബർമ്മയിൽ നിന്നുള്ള അരി കയറ്റുമതിയെ [പ്രത്യേകിച്ച് ഇന്ത്യയിലേക്ക്] സാരമായി ബാധിച്ചു. 1940-ല്‍ ബംഗാളിലുണ്ടായ കൊടിയ ക്ഷാമത്തിൽ നിന്നും കരകയറാനായി ഇന്ത്യയിലുടനീളം പരമാവധി കാർഷികവിളകൾ അതതു സ്ഥലങ്ങളിൽ പരമാവധി ഉത്പാദിപ്പിക്കാൻ [Grow More Food Campaign] ബ്രിട്ടീഷ് സർക്കാർ കർഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതോടെ ഈ ആശയത്തിന്‍റെ മറപറ്റി വനം കയ്യേറ്റങ്ങൾക്ക് കൂടുതൽ ശക്തി കൈവന്നു.
കാലക്രമേണ സർക്കാർ ഏലക്കാടുകളുടെ രജിസ്ട്രേഷൻ പൂർണമായി നിർത്തി വയ്ക്കുകയും ഭൂമി കുത്തകപ്പാട്ടവ്യവസ്ഥയിൽ 12 വർഷം വരെയുള്ള കാലയളവിൽ കർഷകർക്ക് നൽകിത്തുടങ്ങുകയും ചെയ്തു. 1961-ല്‍ അത് 20 വർഷത്തേക്ക് പുതുക്കി നൽകിക്കൊണ്ട് ഉത്തരവായി. 1974-ഓടു കൂടി സർക്കാർ ഇടുക്കിയിലെ പാട്ട സമ്പ്രദായം പൂർണ്ണമായും നിർത്തലാക്കി. പാട്ടക്കാലാവധി കഴിഞ്ഞ ഏലമലകള്‍ കർഷകരിൽ നിന്നും തിരിച്ചുപിടിക്കാനും കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുമുള്ള വിഫലശ്രമങ്ങളായിരുന്നു സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് പിന്നീടുണ്ടായത്. കുത്തകപ്പാട്ടത്തിനു നൽകിയ കൃഷിഭൂമി തിരിച്ചു പിടിക്കാനുള്ള സാധ്യതകൾ പരിശോധിക്കാൻ 1975 –ല്‍ നിലവിൽ വന്ന കമ്മിറ്റി സർക്കാരിന് നൽകിയത് രസകരമായ റിപ്പോർട്ടായിരുന്നു. ഭൂമി തിരിച്ചെടുക്കാൻ പറ്റില്ലെന്നു മാത്രമല്ല അടുത്ത 45 വർഷത്തേക്ക് കൂടി പുതുക്കാനും, അന്നുവരെയുണ്ടായിരുന്ന വനം കയ്യേറ്റങ്ങള്‍ സാധൂകരിച്ചു നൽകാനും ശുപാർശ ചെയ്യുകയായിരുന്നു ആ കമ്മിറ്റി ചെയ്തത്. നിലവിൽ 1.1.1977 വരെയുള്ള വനം കയ്യേറ്റങ്ങൾ സർക്കാർ അംഗീകരിച്ചു നൽകിയിട്ടുണ്ട്.
സ്വകാര്യവനങ്ങളേയും തോട്ടങ്ങളേയും കർഷകർക്കും കാർഷിക വികസനപ്രവർത്തനങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്താനായി 1963-ല്‍ ‘ഭൂപരിഷ്കരണ നിയമം’ ആവിഷ്കരിച്ചപ്പോള്‍, നിബിഡമായ കാടിനോട് ചേർന്ന സ്വകാര്യവനങ്ങളുടെ, അവയിലുള്ള വന്യജീവനുകളുടെ പ്രസക്തി കാര്യമായി കണക്കിലെടുത്തില്ല എന്നുവേണം കരുതാൻ. മലഞ്ചെരിവിലുള്ള സ്വകാര്യവനങ്ങൾ ഗ്രാമങ്ങളിലേക്കുള്ള വന്യമൃഗങ്ങളുടെ വിഹാരം ഒരളവുവരെ ശമിപ്പിച്ചിരുന്നു. കാപ്പിയും തേയിലയും നിറഞ്ഞ തോട്ടങ്ങൾക്കിടയിൽ ചെറുവനങ്ങളായി കിടന്നിരുന്ന ഭൂമികളായിരുന്നു ഇവയെല്ലാം.
1971-ൽ പാസാക്കിയ കണ്ണൻദേവൻ ആക്ടിലൂടെ [KANNAN DEVAN ACT 1971] അനേകം വ്യാഴവട്ടങ്ങളായി പാട്ടക്കരാറിൽ നിലനിന്നിരുന്ന മൂന്നാർ-മാങ്കുളം മലനിരകളെ സർക്കാർ ഏറ്റെടുത്തു. അതിൽ മാങ്കുളം കാടുകളും ഇന്നത്തെ ഇരവികുളം ദേശീയോദ്യാനവും ഉള്‍പ്പെടും. ആനമുടിയും ചുറ്റുപാടുമുള്ള വിശാലമായ പുൽമേടുകളും ഒരിക്കൽ ബ്രിട്ടീഷുകാരുടെ നായാട്ട് വിനോദങ്ങൾക്ക് വേണ്ടി മാറ്റിവെച്ച ‘Hunting reserve’ കളായിരുന്നു. 1978-ല്‍ ഇരവികുളം ദേശീയോദ്യാനം രൂപീകൃതമായതോടെ സ്വർഗ്ഗസമാനമായ ചോലക്കാടുകള്‍ക്കും പുൽമേടുകള്‍ക്കും സംരക്ഷണത്തിന്റെ ഇരുമ്പു കവചം സ്വായത്തമായി.
കയ്യേറ്റഭൂമികളിലെ ഏലത്തോട്ടങ്ങള്‍ സർക്കാർ കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപറേഷന്‍റെ കീഴിൽ ഭദ്രമാക്കി. തുടർന്ന് വനപ്രദേശങ്ങളിൽ വ്യാപകമായി ഇലവ്, മട്ടി, അക്കേഷ്യ, യൂക്കാലിപ്റ്റസ് തുടങ്ങിയ തോട്ടങ്ങളുണ്ടായി. ഗ്വാളിയോർ റയോൺസ്, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡ് [HNL] എന്നിവയ്ക്ക് വേണ്ടി കേരള സർക്കാർ
കമ്പനികളുമായി കരാറൊപ്പിട്ടു. തേക്കുതോട്ടങ്ങളുടെ പിൻഗാമികളായി ഏകവിള കൃഷിത്തോട്ടങ്ങൾ [MONOCULTURE PLANTATIONS] വനപ്രദേശങ്ങൾ കയ്യടക്കി.സ്വാതന്ത്ര്യാനന്തരം മൂന്നു ഭാഗങ്ങളായി [തിരുവിതാംകൂര്‍-കൊച്ചി-മലബാര്‍] കിടന്ന കേരളത്തെ 1956–ല്‍ ഭാഷാടിസ്ഥാനത്തിൽ പുനഃസംഘടിപ്പിച്ചതിനു ശേഷമാണ് കേരളത്തിന് ഒന്നാകെ ബാധകമായ ആദ്യത്തെ വനനിയമമായി 1961-ലെ കേരള ഫോറസ്റ്റ് ആക്റ്റ് വരുന്നത്. അന്നോളം നിലവിലുണ്ടായിരുന്ന 1951-ലെ തിരുവിതാംകൂർ-കൊച്ചി ഫോറസ്റ്റ് ആക്റ്റും 1882-ലെ മദ്രാസ് ഫോറെസ്റ്റ് ആക്റ്റും, 1873-ലെ കാട്ടാന സംരക്ഷണ ആക്റ്റും അതോടെ റദ്ദ് ചെയ്യപ്പെട്ടു.
ഇന്നും കേരളത്തിലെ വനങ്ങളും വനവിഭവങ്ങളും സംരക്ഷിക്കപ്പെടുന്നത് ശക്തമായ കേരള ഫോറസ്റ്റ് ആക്റ്റ് ഉള്ളതിനാലാണെന്ന് നിസ്സംശയം പറയാം. വനങ്ങള്‍ക്കുള്ളില്‍ അനുമതിയില്ലാതെ അതിക്രമിച്ചു കടക്കൽ, കൃഷിചെയ്യല്‍ തുടങ്ങി തടിയുൾപ്പെടെ എന്തു നീക്കം ചെയ്താലും, നശിപ്പിച്ചാലും ഈ നിയമം ബാധകമാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വന്യജീവിസംരക്ഷണ നിയമം 1887-ല്‍ പാസാക്കിയ ‘The Wild Birds Protection Act’ ആണ്. ആനകളുടെ വേട്ടയാടലിന് നിയന്ത്രണങ്ങൾ കൊണ്ടു വരുവാൻ 1879-ല്‍ ‘Elephant Preservation Act’ നു രൂപംകൊടുത്തു. എന്നാൽ ഈ നിയമത്തിൽ ആനകളെ വേട്ടയാടുന്നതിനു ലൈസൻസ് നൽകാൻ വ്യവസ്ഥ ചെയ്തിരുന്നു.
1912 രൂപംകൊടുത്ത ‘Wild Birds and Animals Protection Act ‘ ആനയേയും വലിയ മാംസഭുക്കുകളേയും നിയമത്തിന്റെ പരിധിയിൽ നിന്നും സൗകര്യാർത്ഥം അകറ്റി നിർത്തിയിരുന്നു. 1952-ല്‍ വന്ന ഭേദഗതിയോടെ, ഈ നിയമത്തിലൂടെ വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും രൂപീകരിക്കാന്‍ സര്‍ക്കാരിന് അധികാരം കൈവന്നു. എന്നാൽ സംരക്ഷിതമേഖലയ്ക്ക് പുറത്ത് നായാട്ട് അനസ്യൂതം തുടർന്നുകൊണ്ടിരുന്നു. അനിയന്ത്രിതമായ ആ കൂട്ടക്കുരുതിയില്‍ വേരറ്റുപോയ ചില വന്യജീവി വിഭാഗങ്ങളുണ്ട്.
കഴിഞ്ഞ നൂറ്റാണ്ടിന്‍റെ പകുതിവരെ ഇസ്രായേൽ മുതൽ ഇറാൻ വഴി അഫ്ഗാനിസ്ഥാനും പാകിസ്ഥാനും കടന്നു വടക്കേ ഇന്ത്യ മുതൽ ഇങ്ങു താഴെ തിരുനെൽവേലി വരെയും വാണിരുന്ന വേഗരാജാവായിരുന്നു ഏഷ്യൻ ചീറ്റകൾ. 1947-ല്‍ സ്വാതന്ത്ര്യത്തിന്‍റെ ത്രിവർണ്ണ പതാക വാനോളം ഉയർന്നതോടൊപ്പം അതേവര്‍ഷം ഇന്ത്യയിലെ അവസാന മൂന്ന് ഏഷ്യൻ ചീറ്റകളെയും സുര്‍ഗുജ നാട്ടു രാജാവായ രാമാനുജ് പ്രതാപ്സിംഗ് ഡിയോ വെടിവെച്ചിടുമ്പോള്‍ ആരുമറിഞ്ഞില്ല ഒരിക്കല്‍ മുഗള്‍ കൊട്ടാരക്കെട്ടുകളില്‍ സുലഭമായി ഇണക്കി വളര്‍ത്തിയിരുന്ന ഈ ‘നായാട്ടു പുലികള്‍’ ഇനി ഒന്നുപോലും അവശേഷിക്കുന്നില്ലായെന്ന സത്യം. ഇരുപതാം നൂറ്റാണ്ടില്‍ ഇന്ത്യൻ വന്യജീവി ചരിത്രത്തിൽ രേഖപ്പെടുത്തിയ ‘വന്യ വിഡ്ഢിത്തം’. ഇറാനിൽ മാത്രമവശേഷിക്കുന്ന ഏതാനും ഏഷ്യൻ ചീറ്റകളിൽ രണ്ടെണ്ണം ഇന്ത്യയിലെത്തിക്കാൻ, പ്രായശ്ചിത്തമെന്നോണം മുറിഞ്ഞ ജീവന്‍റെ കണ്ണികൾക്ക് ഇഹലോകവാസത്തുടർച്ച നൽകുവാനുള്ള ശ്രമങ്ങൾ ഏതാണ്ട് അസ്തമിച്ച മട്ടാണു്. പകരം ആഫ്രിക്കൻ ചീറ്റകളെ ഇന്ത്യൻ ആവാസവ്യവസ്ഥയിൽ പരീക്ഷിക്കാനുള്ള നീക്കങ്ങളിലാണ് സർക്കാരിന്ന്‍. മറന്നു പോയത് ഇതായിരുന്നു – ഞാനാരായാലും ഇവിടെ ഉണ്ടെന്നുള്ളത്, ഇനിയുമിവിടെ തുടരേണ്ടത് എന്‍റെ ജന്മാവകാശമാണ്’ എന്ന സത്യം. നിയമങ്ങൾ പലതും അതിന്‍റെ ആഴങ്ങൾ മനസ്സിലാക്കാതെ, അതിന്‍റെ പഴുതുകളിലൂടെ ചോരുന്ന ജൈവവൈവിധ്യം പരിഗണിക്കാതെ രൂപപ്പെട്ടിരുന്നു.
1972-ലെ വന്യജീവിസംരക്ഷണ നിയമവും തുടർന്ന് അതിൽ വന്ന ഭേദഗതികളും വന്യജീവി വൈവിധ്യശോഷണം തടയാൻ ഉതകുന്ന വൻമതിലായിരുന്നു. വന്യജീവികളെ അവയുടെ പ്രാധാന്യമനുസരിച്ച് 5 ഷെഡ്യൂളുകളായി തരംതിരിച്ചു. കുറ്റകൃത്യങ്ങള്‍ക്ക് അതിനനുസരിച്ച് ശിക്ഷയും വിഭാവനം ചെയ്തു. വന്യജീവി കുറ്റകൃത്യങ്ങള്‍ ജാമ്യം ലഭിക്കാത്ത ഗണത്തിലുള്ളവയും മൂന്നു മുതൽ ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതുമായി രൂപീകരിച്ചു. അപൂർവ്വമായിക്കൊണ്ടിരിക്കുന്നതും ഏറെ സംരക്ഷണം അർഹിക്കുന്നതുമായ വന്യജീവികളെ ഷെഡ്യൂൾ ഒന്നിലും സ്‌പെഷ്യൽ എന്ന് വിളിക്കുന്നവയെ ഷെഡ്യൂൾ രണ്ടിലും ബിഗ് ഗെയിം എന്ന് പേരിട്ടവയെ ഷെഡ്യൂൾ മൂന്നിലും സ്മാള്‍ ഗെയിം എന്ന് പേരിട്ടവയെ ഷെഡ്യൂൾ നാലിലും ക്ഷുദ്രജീവികളെന്നു കണക്കാക്കിയവയെ ഷെഡ്യൂൾ അഞ്ചിലും ഉള്‍പ്പെടുത്തിയാണ് ഷെഡ്യൂളുകള്‍ തയ്യാറാക്കിയത്. ഷെഡ്യൂൾ ഒന്നില്‍ ഉള്‍പ്പെടുത്തിയ ആന, കടുവ, പുലി, കാട്ടുപോത്ത്, കരടി തുടങ്ങിയ മൃഗങ്ങളെ നായാട്ടില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കി. എന്നാല്‍ ഷെഡ്യൂൾ II, III, IV എന്നിവയില്‍ ഉള്‍പ്പെട്ട വന്യജീവികളെ നായാട്ടു നടത്തുന്നതിന് നിബന്ധനകളോടെ അനുമതി നല്‍കിയിരുന്നു. 1991-ല്‍ വന്യജീവി സംരക്ഷണനിയമത്തില്‍ വരുത്തിയ ഭേദഗതിയോടെ നായാട്ടു പൂര്‍ണ്ണമായും നിരോധിക്കുകയും, വന്യജീവികളുടെ ഗെയിം സ്റ്റാറ്റസ് എടുത്തു കളയുകയും ചെയ്തു. കേന്ദ്ര ഗവണ്മെന്‍റ് നാളിതു വരെ 10 തവണ ഷെഡ്യൂളുകളില്‍ ഭേദഗതി വരുത്തി. അപൂര്‍വ്വമായുള്ള ഓര്‍ക്കിഡുകള്‍, ഇരപിടിയന്‍ സസ്യങ്ങള്‍ തുടങ്ങിയവയെ ഉള്‍പ്പെടുത്തി ആറാമത്തെ ഷെഡ്യൂളും അടുത്തിടെ ചേര്‍ത്തിട്ടുണ്ട്. രണ്ടിലും, മൂന്നിലും നാലിലും ഒക്കെയുള്ള പല മൃഗങ്ങളെയും കാലാന്തരത്തില്‍ അതിനു കൈവന്ന പ്രാധാന്യമനുസരിച്ചു ഒന്നാമത്തെ ഷെഡ്യൂളിലേയ്ക്ക് പുനപ്രതിഷ്ഠിച്ചു.
എന്നാല്‍ വനനിയമങ്ങള്‍ ശക്തമായിരിക്കുമ്പോള്‍ തന്നെ വനപാലകരുടെ ശ്രദ്ധയെത്താത്ത കാടിനോട് ചേര്‍ന്ന ഉള്‍പ്രദേശങ്ങളില്‍, പ്രത്യേകിച്ച് വനം കയ്യേറി ഫോറെസ്റ്റ് പട്ടയം [Forest land assigned patta land] സ്വായത്തമാക്കി കൃഷിയിറക്കി വരുന്ന പ്രദേശങ്ങളില്‍ ചെറിയ തോതിലുള്ള നായാട്ടു തുടരുന്നത് കാണാം. അതില്‍ പ്രധാനം കാട്ടു പന്നിയാണ്. പിന്നെ കൂരമാന്‍, ഉടുമ്പ്, കരിങ്കുരങ്ങ്, മലമ്പാമ്പ്, മുള്ളന്‍ പന്നി, കരടി.. അങ്ങനെ തുടരുന്നു.
ചെറിയ ജീവികളായ കൂരമാനും, കരിങ്കുരങ്ങും, മലമ്പാമ്പുമെല്ലാം വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്നതും ഇവയെ കൊല്ലുന്നതും മാംസം ഭക്ഷിക്കുന്നതും 7 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുന്ന ഗൌരവകരമായ കുറ്റമാണെന്ന ചിന്ത ഇന്നും പലര്‍ക്കുമില്ലെന്നത് ഏറെ വിചിത്രമാണ്. എഴുപതുകളുടെ അവസാനം വരെയുള്ള അനധികൃത വനംകയ്യേറ്റങ്ങള്‍ കര്‍ഷകര്‍ക്ക് സ്ഥിരപ്പെടുത്തി നല്‍കിയപ്പോള്‍ അഞ്ചു പതിറ്റാണ്ടുകള്‍ക്കിപ്പുറവും സമീപത്തുള്ള കാടിറങ്ങി വരുന്ന വന്യമൃഗങ്ങളുമായുള്ള മനുഷ്യന്‍റെ സംഘര്‍ഷം ഏറിയിട്ടേയുള്ളൂ. അതിന്റെ കാരണങ്ങൾ നിരവധിയാണ്. ‘കാടിറങ്ങി’ വരുന്ന മൃഗങ്ങൾ വനത്തിനോട് അരികുപറ്റിക്കിടക്കുന്ന കൃഷിയിടങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ അതിനു അവർക്കെന്തവകാശം എന്ന ചിന്തയോടെ പ്രതികരിക്കുന്ന അനേകം കർഷകരെ നമുക്കറിയാം.
ഒരു വർഷത്തെ അല്ലെങ്കിൽ അനേകം വർഷങ്ങളുടെ അധ്വാനവും സമ്പാദ്യവും ഒരു രാത്രി കൊണ്ട് ഒരു വന്യമൃഗം കാരണം നാമാവശേഷമായത് ഒരുവശത്ത്, മുറിഞ്ഞുപോയ കാടിന്റെ തുടർച്ച തേടി, നല്ല ഭക്ഷണവും, വെള്ളവും തേടി വരുന്ന ആനയും മ്ലാവും കാട്ടുപോത്തും എളുപ്പത്തിൽ തരപ്പെട്ട ഭക്ഷണം ആവോളം ആസ്വദിച്ചത് കുറ്റപ്പെടുത്തുന്നതെങ്ങനെ എന്ന ചിന്ത മറുവശത്ത്. അതിർത്തികളിൽ ആഴത്തിൽ കുഴിച്ച കിടങ്ങുകളും, വൈദ്യുതി വേലികളും, ഇരുമ്പു വേലികളും കൊണ്ട് സംഘർഷം തടയാനുള്ള വനം വകുപ്പിന്റെ ശ്രമങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നു.
മനുഷ്യ കേന്ദ്രീകൃത ചിന്തകളിൽ വന്യമൃഗങ്ങളുടെ സ്ഥാനം നാമമാത്രമാണ്. സ്വന്തം നിലനില്പിന് ഈ ഒരു തുണ്ടു ഭൂമിയും അതിലെ കൃഷിയും മാത്രമുള്ളവന്റെ നിസ്സഹായാവസ്ഥ ഒരിക്കലും കാണാതെ പോകുന്നില്ല. എന്നാലും നീതിയുടെ പാതയിൽ മൃഗങ്ങൾ ചെയ്ത പാതകമെന്തെന്ന് ചിന്തിക്കേണ്ട സമയമാണിത്.
ഇടുക്കിയിലെ മൂന്നാറിന് അടുത്ത് ആനയിറങ്കൽ എന്നൊരു സ്ഥലമുണ്ട്. ഇടമുറിഞ്ഞുപോയ ആനത്താരയിലൂടെ സ്ഥിരമായി ആനക്കൂട്ടങ്ങൾ വന്നു മുറിച്ചുകടക്കുന്ന ഇടമാണ് പൊന്മുടി റിസർവോയറിന് ചേർന്നുകിടക്കുന്ന ആനയിറങ്കൽ. മനുഷ്യവാസം ഒരിക്കലും അനുവദിക്കരുതാത്ത ഇടം. അവിടെ ഇന്ന് സമൃദ്ധമായ ഏലത്തോട്ടങ്ങളും ഇടമുറിച്ച പാതയും ഭൂരഹിതരായ ജനങ്ങൾക്ക് പതിച്ചു നല്കിയ ‘പാഴ്’ ഭൂമിയുമാണ്, തികച്ചും ഒരു ജനവാസകേന്ദ്രം.
അവിടെയുണ്ടാകുന്ന മനുഷ്യ-മൃഗ സംഘർഷങ്ങൾക്കും മരണങ്ങൾക്കും ആരാണ് ഉത്തരവാദി?
മനുഷ്യകേന്ദ്രീകൃത ചിന്തകളിലെ, രാഷ്ട്രീയനയങ്ങളിലെ വീഴ്ച വ്യക്തമായി കാണാമിവിടെ. നിലനിൽക്കേണ്ടത് മനുഷ്യന്റെ ആവശ്യമാണെന്നുള്ള ചിന്തകളോടെ തന്നെ പറയട്ടെ. കാട് സംരക്ഷിക്കുന്നതിൽ, അതിന്റെ ആവാസവ്യവസ്ഥ യഥാവിധി നിലനിർത്തുന്നതിൽ മനുഷ്യന്‍റെ പങ്കെന്ത്? മൃഗങ്ങളുടെ പങ്കെന്ത്? 0:100 എന്ന അനുപാതത്തിലായിരിക്കും കണക്കുകൾ. ഒരുപക്ഷേ മനുഷ്യനല്ലാത്ത, മനുഷ്യനിർമ്മിതമല്ലാത്ത എന്തിൽ നിന്നാണ് കാട് കാക്കേണ്ടത്? ആരിൽ നിന്നുമല്ല. അതിനർത്ഥം കാടിനൊന്നും നമ്മൾ ചെയ്യുന്നില്ല എന്ന് മാത്രമല്ല കാട് നാം കാക്കുന്നില്ല എന്നുവേണം കരുതാൻ. ഒരു പുൽക്കൊടി, ഒരു വൃക്ഷം, ഒരു കാട് -അതിനുപിന്നിൽ എത്രയെത്ര വന്യജീവിനുകള്‍. ഇവയോരോന്നിന്റെയും പരസ്പരപൂരകമായ ഇടപെടലുകൾ മൂലമാണ് ഇന്ന് മനുഷ്യനുൾപ്പെടെയുള്ള ഓരോ ജീവിയും ശ്വസിക്കുന്ന വായുവും ഓരോ തുള്ളി ജലവും ഉണ്ടായിട്ടുള്ളത്. ഈയൊരു ചിന്ത ഒരു തവണയെങ്കിലും നാഗരിക മനുഷ്യന്റെ ചിന്തകളിലൂടെ, കാടറിഞ്ഞു കടന്നു പോയിട്ടുണ്ടെങ്കിൽ, അവനൊരിക്കലും മനുഷ്യകേന്ദ്രീകൃത ചിന്തകളിൽ മാത്രം അഭിരമിച്ച്, കാടിനെ അവഗണിച്ചുള്ള ഒന്നും സ്വപ്നം കണ്ടു കഴിയാൻ കഴിയില്ല.
ഇനി നാട്ടിലേക്ക് വരാം. അവികസിതം, ഓണംകേറാമൂല എന്നൊക്കെ വിളിക്കുന്ന നാട്ടിൻപ്രദേശത്തേക്ക് സഞ്ചരിക്കുമ്പോൾ ഇന്ന് എന്തൊക്കെയാണ് കാണുന്നത്? ഇതെന്നെ കൂടുതൽ ഭയപ്പെടുത്തുന്നു!
പൊതുസ്ഥലത്ത് നിൽക്കുന്ന മരങ്ങൾ വികസന ആവശ്യങ്ങൾക്കായി മുറിച്ചു മാറ്റുന്നതിന് ജില്ലാതലത്തിൽ രൂപീകരിക്കുന്ന ട്രീ കമ്മിറ്റിയുടെ പരിശോധനയും അനുമതിയും ആവശ്യമുണ്ട്. മരം മുറിക്കാനുള്ള അപേക്ഷ ജില്ലയിലെ അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർക്ക് ലഭിച്ചതിനുശേഷം ട്രീ കമ്മിറ്റി കൂടുന്നതിന് മുൻപൊരു പരിശോധനയുണ്ട്.
ഒരനുഭവം പറയാം
ഗ്രാമീണ പാതകള്‍ക്ക് വികസനവീതി കൂടുമ്പോൾ ഒരു നൂറു വർഷങ്ങളുടെ തണലിന്റെ, തണുപ്പിന്റെ കടയറുക്കപ്പെടാൻ കാത്തു നിൽക്കുന്ന അനേകം ജീവനുകളുള്ള ഒരു പാതയോരത്ത് ഒരിക്കൽ ഞാൻ വണ്ടി ഇറങ്ങി. തികച്ചും ഒഫീഷ്യലായി. കൂടെ എന്റെ സഹപ്രവർത്തകരും. പിഡബ്ല്യുഡി റോഡ്സ് എഞ്ചിനീയറും ഓവർസിയറും ഒക്കെ കൂടെയുണ്ട്. നാല്‍ക്കവലയില്‍ ഇന്നും പലകയടുപ്പുള്ള പലചരക്കുകടയും ചായക്കടയും. മൂന്നുനാലു പേർ കടയിൽനിന്നും ഇറങ്ങി റോഡിലേക്ക് വന്നു.
‘ചേട്ടാ ഈ നിക്കണ മാവിന് എത്ര പ്രായം ഉണ്ടാകും’..? ഞാൻ ചോദിച്ചു
‘ഒരെണ്‍പത് തൊണ്ണൂറു വർഷം കാണും’
‘പിഡബ്ല്യുഡി റോഡ് വീതി കൂട്ടുമ്പോൾ വളവിലുള്ള ഈ മാവ് മുറിക്കാതെ വല്ല അഡ്ജസ്റ്റ്മെന്‍റ് ചെയ്യാൻ പറ്റുമോ എന്ന് നോക്കാൻ വനം വകുപ്പിൽ നിന്നും വന്നതാ’.
‘അനുമതി കൊടുക്കണോ എന്ന് നോക്കാൻ നേരിട്ട് ഒരു ഇൻസ്പെക്ഷൻ. നിങ്ങൾ എത്ര കാലമായി ഇതിന്റെ തണലിൽ ഇരിക്കുന്നു’?
ഏയ് മുറിക്കണം, സാര്‍..ഇത് മുറിക്കാതെ പറ്റില്ല. അറുപതു കഴിഞ്ഞ ഒരാൾ വിളിച്ചുപറഞ്ഞു. ‘റോഡ് വീതി കൂടുമ്പോൾ ഈ തിരിവിൽ വണ്ടികൾ സ്പീഡിൽ വന്നാൽ ഈ മരത്തിൽ ഇടിക്കും. അതോണ്ട് എന്തായാലും മുറിക്കണം’ എല്ലാവരുടെയും മുഖത്ത് തിളങ്ങുന്നത് വികസന വെളിച്ചം മാത്രം.
‘അതിനു വണ്ടികൾ ഇവിടെ സ്പീഡ് കുറച്ചു പോയാല്‍ പോരെ? ‘റോഡരികിൽ സൈൻബോർഡ് വെച്ചാൽ പോരെ’? എന്റെ അനുനയശ്രമങ്ങൾ…
‘ഏയ്.. അതൊന്നും ശരിയാവില്ല, സാറേ.. മുറിക്കുന്നതാണ് നല്ലത്.. ഈ കടക്ക് നല്ല നോട്ടവും കിട്ടും’
റോഡ് 7 മീറ്ററായി വീതി കൂട്ടിയാലും ഈ മരം റോഡരികിലെ വരൂ. പിഡബ്ല്യുഡി അധികാരികൾ ഇനിയിപ്പോ മാവ് മുറിച്ചില്ലെങ്കിലും കാന പണി അല്പം വളച്ച് മരത്തെ രക്ഷപ്പെടുത്താമെന്ന് ഒരുവിധം സമ്മതിച്ചു വരുമ്പോൾ [നൂറുവട്ടം എന്നെ പ്രാകിക്കൊണ്ട്], പക്ഷേ നാടൻ വികസന മുഖങ്ങൾ ഇരുളുന്നു. ആർക്കും മുറിക്കുന്നതിനോട് എതിർപ്പില്ല. അതെന്നെ വല്ലാതെ ഭയപ്പെടുത്തി.
‘മുറിക്കണം സാർ.. അല്ലെങ്കിൽ മരം എന്റെ കടയ്ക്ക് ഭീഷണിയാണെന്നു പറഞ്ഞു മുറിക്കാനുള്ള അപേക്ഷ ഞാൻ തരും, പോരെ’?
അവരുടെ ഓർമ്മകൾക്ക് ജീവനില്ലേ എന്ന്‍ ഒരു നിമിഷം ഞാൻ ചിന്തിച്ചു പോയി. ബാല്യ കൗമാരങ്ങളിൽ, നിത്യജിവിതത്തിന്റെ വേഗമില്ലാത്ത കാലങ്ങളിൽ ഈ മാവ് അവരിൽ വേണ്ട വിധം പൂത്ത് കാച്ചില്ലേ..? അല്ലെങ്കിൽ ഈ വാർദ്ധക്യത്തിൽ ഇവരിൽ അതിന്റെ വേരറുത്തത് ആരാവാം? എങ്ങനെയാവാം? വികസനമുഖം ഇത്രമേൽ ഏകപക്ഷീയമായി സാധാരണക്കാരില്‍ ആഴ്ന്നിറങ്ങിയിരിക്കുന്നു, ഇതെന്നെ ഭയപ്പെടുത്തുന്നു.
മരം – വില മാത്രം. വികസനത്തിന് സർക്കാരിലേക്ക് കെട്ടുന്ന ലേലത്തുക മാത്രം.
കൂടുന്ന ചൂടിലും വറ്റുന്ന കിണറ്റിലും നാട്ടിൻപുറത്തുള്ളവർക്കെങ്കിലും അതിന്റെ കാരണങ്ങളൊന്നും വായിച്ചെടുക്കാൻ ആവുന്നില്ലേ എന്ന് ആശങ്കയോടെ ഞാനോർത്തുപോയി.
നിരനിരയായി മുട്ടുകുത്തി നിർത്തി IS തീവ്രവാദികൾ നിർവഹിക്കുന്ന പോലെ നാട്ടുവഴികളിൽ, ദേശീയ പാതയോരങ്ങളിൽ, നാൽക്കവലകളിൽ, വേർപ്പെടുത്താനാവാത്ത വിധം നിന്നിരുന്ന മരങ്ങളുടെ കഴുത്തും കൈകാലുകളും ഉടലും അറ്റു തൂങ്ങി വീഴുമ്പോൾ, നാളിതുവരെ പകർന്നുനൽകിയ ദാഹജലവും, തണലും തണുപ്പും പ്രാണവായുവും എല്ലാം- ഒളിഞ്ഞിരിക്കുന്ന ചില നിക്ഷിപ്ത-നിഗൂഢ താൽപര്യങ്ങളിൽ ഒന്നുമല്ലാതായി മാറിയിരിക്കുന്നു.
ഇനിയും ഒന്നിന് പത്തു വച്ചു നട്ടാലും അടുത്ത അര നൂറ്റാണ്ടു കൊണ്ട് തിരികെ പിടിക്കാനാവാത്ത ചിലതാണ് നഷ്ടപ്പെടുന്നത്.
വമ്പൻ പ്രോജക്റ്റുകൾ ഗ്രാമങ്ങളിലേക്ക് എത്തിനോക്കുമ്പോൾ ആദ്യ പരിഗണന അർഹിക്കുന്ന വസ്തുത അവിടെ പാരിസ്ഥിതിക പ്രാധാന്യമുള്ള എന്തിനെങ്കിലും സാരമായ മുറിവേൽക്കുന്നുണ്ടോ എന്നതിനാണ്. നിർഭാഗ്യവശാൽ പ്രഥമ പരിഗണന അതിനല്ല എന്ന്‍ നിരാശയോടെ നമ്മൾ ഉൾക്കൊളേളണ്ടിയിരിക്കുന്നു. പ്രോജക്ട് ശാസ്ത്രീയമായി വിഭാവനം ചെയ്യുമ്പോൾ അതിന്‍റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ആദ്യം കുരുതി കഴിക്കേണ്ടി വരുന്നത് പലപ്പോഴും മരങ്ങളെയാണ്. ചിലപ്പോൾ നീരുറവകളെ, നീർച്ചാലുകളെ, കുന്നുകളെ, മണ്ണിനെ, ജലാശയങ്ങളെ. എല്ലാം നിശബ്ദമായി ജീവജാലങ്ങളുടെ നിലനിൽപ്പിന് അടിസ്ഥാനമായുള്ളവ. അവിടെയപ്പോൾ വികസനം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നതിന്റെ ആശയശുദ്ധിയെ ചോദ്യംചെയ്യാതെ നിവൃത്തിയില്ല. ഇതുപോലെ എത്രയെത്ര പദ്ധതികളാണ് മറ്റു ജീവജാലങ്ങളെ പരിഗണിച്ചില്ലെങ്കില്‍പ്പോലും മനുഷ്യന്റെ തന്നെ ശാശ്വതമായ നിലനിൽപ്പിന് ഭീഷണിയായി വികസനമെന്നപേരിൽ വന്നുകൊണ്ടിരിക്കുന്നത്? വേണ്ടത് വികസന പദ്ധതികളുടെ ശാസ്ത്രീയമായ തെരഞ്ഞെടുപ്പാണ്. ജീവന്‍റെ അടിസ്ഥാന നിലനിൽപ്പിന് നേരിട്ട് സംഭാവനകൾ നൽകുന്ന ഒന്നിനെയും അലോസരപ്പെടുത്താത്ത, ഗുരുതരമായി ബാധിക്കാത്ത വികസനങ്ങൾ.
ചൂടുണ്ടെങ്കിലും ഗ്രാമങ്ങളിൽ അതിന്റെ തീക്ഷ്ണതയെ ശമിപ്പിച്ചുകൊണ്ട് ഒരിളം കാറ്റ് വീശാൻ, കിണറുകളിൽ ആറുമാസമെങ്കിലും ദാഹജലം നിലനിർത്താൻ അവശേഷിക്കുന്ന വൻമരങ്ങളുടെ ജീവൻ നിലനിർത്തണം. കുറഞ്ഞത് ഇരുനൂറ് സെൻറീമീറ്റർ ചുറ്റുവണ്ണമുള്ള മരങ്ങള്‍ ഇനിയുള്ള 50 വർഷത്തേയ്ക്കെങ്കിലും നിലനിർത്തണം. പൊതു സ്ഥലത്തായാലും അവയെ നിയമപ്രകാരം സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും അത്യാവശ്യമാണെങ്കില്‍ നീക്കം ചെയ്യുന്നതിനും ഒക്കെയായി ഒരു വൃക്ഷനയം രൂപീകരിക്കേണ്ട സമയം ഇരുപത്തഞ്ചു വർഷങ്ങൾക്ക് മുമ്പായിരുന്നു എന്ന് നിരാശയോടെ മനസ്സിലാക്കുന്നു