• About
  • Editorial
  • Cover Story
  • Columns
    • ജൈവവിസ്മയം
    • ഉഭയജീവികൾ
    • യാത്രക്കാരൻ
    • ഉരഗങ്ങൾ
    • സസ്തനികൾ
    • ചിറകടികൾ
    • ശലഭചിത്രങ്ങൾ
    • മത്സ്യലോകം
    • സസ്യജാലകം
  • Featured Stories
  • Gallery
  • News
  • E-Magazine
  • Search
Featured Stories
June 2020

Home » Featured Stories » കിളിയേ കിളിയേ…

കിളിയേ കിളിയേ…

ഡിൻസി മറിയം

ബാംഗ്ലൂരിൽ നിന്നും നാട്ടിലെത്തിയിട്ട് മൂന്നു മാസത്തോളമാകുന്നു. ഇത്രയും നാൾ ഇവിടെ തങ്ങണമെന്ന് കരുതിയതല്ല, പക്ഷെ, ഇന്നത്തെ ലോകത്തിന്റെ അസ്ഥിരസ്വഭാവം കണക്കിലെടുത്താൽ അതിൽ അതിശയോക്തി തെല്ലുമില്ല. ഇതിനു കാരണക്കാരനായ കൊറോണ വൈറസിനെപ്പറ്റി അറിയാത്തവര്‍ വിരളം. ലോകമാകെ ഭീതി പരത്തി, എല്ലാവരെയും വീട്ടിലിരുത്തിക്കളഞ്ഞ ഒരു സൂക്ഷ്മജീവി. കുറച്ചു നാൾ വീട്ടിനുള്ളിൽ മാത്രമിരുന്ന് പരിചയമില്ലാത്തവര്‍ അസ്വസ്ഥരായിരിക്കുന്നു. ഒന്ന് പുറത്തിറങ്ങണമെങ്കിൽ നിബന്ധനകളുടെ ലക്ഷ്മണരേഖ കടക്കണം. മുടങ്ങാതെ കിട്ടുന്ന ഇന്റർനെറ്റ് മാത്രമാണ് ഒരു തൽക്കാലാശ്വാസമെങ്കിലും, മടുപ്പ് അതിനെ എത്രനാൾ ചെറുത്തുനിൽക്കും? ഒന്ന് പുറത്തിറങ്ങാന്‍ പറ്റിയിരുന്നെങ്കില്‍…

Indian paradise flycatcher | Dincy Mariyam

വീടിന്റെ ഭൂവതിർത്തി കടക്കുന്നത് രോഗം വരുത്തിവെക്കാൻ സാധ്യതയുള്ളതുകൊണ്ട്, നമ്മുടെ അതിരിലുള്ള ആകാശം ഉന്നം വെച്ച് ടെറസ്സിലേക്ക് ഒരു നടത്തം നടന്നു. കൃഷി നടക്കാത്തതുകൊണ്ട് കളനിറഞ്ഞുകിടക്കുന്ന വയലാണ് ആദ്യം കണ്ണിലുടക്കിയത്. അതിന്റെ ഒരു വശത്തുള്ള കാടുകേറിയ പറമ്പിൽ മാവും കൈയ്യമാവും മന്ദാരവും ഉപ്പിലയുമൊക്കെയുണ്ട്. അതിന്നിടയിൽ പറമ്പിന്റെ ഉടമസ്ഥര്‍ വാഴയും തെങ്ങും അങ്ങനെ പലതും നട്ടുപിടിപ്പിച്ചിരിക്കുന്നു. പച്ചപ്പ് വിടരുന്ന ഫലവൃക്ഷങ്ങളുടെ ഈ പന്തൽ കണ്ടുകൊണ്ടായിരിക്കണം, എത്രയോ തരം പക്ഷികളാണ് വരാറുള്ളത്! ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ വായുമലിനീകരണത്തിന്റെ കേന്ദ്രമായ ഡല്‍ഹിയില്‍ പോലും മലിനീകരണം കുറഞ്ഞതോടെ മുന്‍പ് കാണാതിരുന്ന പല പക്ഷികളും വരുന്നതായി വാര്‍ത്തയില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ നാനാഭാഗത്തും പലരും പക്ഷിനിരീക്ഷണം വളരെ ഉത്സാഹത്തോടെ ചെയ്യുന്നുമുണ്ട്. പക്ഷിനിരീക്ഷണം പലര്‍ക്കും ഒരു വിനോദമാണ്‌, എന്നാല്‍ ഇത് വിജ്ഞാനമാക്കുന്നവരുമുണ്ട്. എനിക്കും തെല്ലിഷ്ടമാണ്. ലോകം വീട്ടിനുള്ളിൽ പൂട്ടിപ്പോയതുമുതൽ ഞാനും പക്ഷികളെ ശ്രദ്ധിച്ചു തുടങ്ങി.

പക്ഷിനിരീക്ഷണത്തിന് പറ്റിയ സമയം അതിരാവിലെയും വൈകീട്ടുമാണ്. നമ്മുടെ നാട്ടിൽ കാക്കക്കും മൈനക്കുമപ്പുറം വേറെയുമുണ്ട് കാക്കത്തൊള്ളായിരമിനം കിളികൾ! ശ്രദ്ധിച്ചുനോക്കിയാൽ കാണാം. അമ്മയുടെ ഓറഞ്ച് നിറമുള്ള ചെമ്പരത്തിയിലെ തേന്‍ കുടിക്കാന്‍ മഞ്ഞത്തേൻകിളി (Purple-rumped sunbird) എന്നുമെത്താറുണ്ട്. ഒരു അടയ്ക്കയുടെ മാത്രം വലിപ്പമുള്ള ഇവയുടെ വയറിന് ഇളം മഞ്ഞനിറമാണ്. തലയിലും കഴുത്തിനു പിന്നിലും കറുപ്പും, പച്ചയും, തവിട്ടുമൊക്കെയുള്ള ആൺകിളിയെ കണ്ടാൽ ആരും നോക്കിപ്പോകും. പിൻഭാഗത്തു ചാരനിറമുള്ള, ഭംഗി അല്പം കുറഞ്ഞ പെൺകിളിയുടെ നോട്ടം വേറെങ്ങോട്ടു പോകാൻ! പ്രധാന ആഹാരമായ തേൻ കുടിക്കുന്നത് നീണ്ട, സ്വല്പം അറ്റം വളഞ്ഞ, കൂർത്ത കൊക്കുള്ളതുകൊണ്ട് മുടങ്ങാതെ നടക്കുകയും ചെയ്യും. ഇതുപോലുള്ള മറ്റൊരു ഇനം തേന്‍കിളികളാണ് ദൂരെ നിന്ന് കറുപ്പും, അടുക്കുന്തോറും കടുംനീലനിറവുമുള്ള കറുപ്പന്‍ തേന്‍കിളികള്‍ (Purple sunbird).

Rufous treepie | Dincy Mariyam

രാവിലെ മുതല്‍ സന്ധ്യവരെ ഒരു മരത്തില്‍ നിന്നും മറ്റൊന്നിലേക്ക് ചിലച്ചോണ്ട് പറക്കുന്ന ഓലഞ്ഞാലികളാണ് (Rufous treepie) മറ്റൊരു കാഴ്ച. ഒരു സർക്കസ്സുകാരനെപ്പോലെ ഓലയില്‍ ഞാന്നുകിടക്കുന്നതു കൊണ്ടാണ് ഇതിനു ഓലഞ്ഞാലി എന്ന പേര്. പക്ഷികളുടെ പ്രജനനകാലത്ത് ഇരപിടിക്കാൻ ചില പക്ഷിക്കുഞ്ഞുങ്ങൾ പോലും മുതിരാറുണ്ട്! നമ്മുടെ ഓലഞ്ഞാലി, ഇരപിടിക്കാൻ വന്നൊരു പ്രാപ്പിടിയന്‍ (Shikra -juvenile) കുഞ്ഞിനെ തുരത്തുന്നത് കണ്ടിട്ടുണ്ട്. തങ്ങളുടെ ഉപയോഗപഥത്തില്‍ നിന്നും സ്വയരക്ഷയ്ക്കായി തുരത്താനാണ് ഈ മൽപ്പിടുത്തം. നമ്മുടെ പറമ്പുകളിൽ മാത്രമല്ല സംഗീതത്തിലും ഇടം പിടിച്ചിടുണ്ട്, കിളികൾ. എന്നാൽ “ഓലഞ്ഞാലിക്കുരുവീ ഇളം കാറ്റിലാടി വരൂ നീ…” എന്ന് പി. ജയചന്ദ്രനും വാണിജയറാമും പാടിയതുപോലെ ഓലഞ്ഞാലി ഒരു കുരുവിയേ അല്ല, കാക്കയുടെ വലുപ്പമുണ്ടതിന്.

മഞ്ഞ ദേഹവും കറുപ്പ് ചിറകുമുള്ള മഞ്ഞക്കറുപ്പന്‍ (Black-hooded oriole) ആദ്യമൊക്കെ എന്നും രാവിലെ വന്ന് ഗുകൂഹു… ഗുകൂഹു…എന്ന് പാടാറുണ്ടായിരുന്നു. മെയ്‌ മാസം തുടങ്ങിയതോടുകൂടി ഇപ്പോള്‍ അധികം കാണാറില്ല. ഇവയുടെ മറ്റൊരിനത്തെപ്പറ്റി കെ.ജെ. യേശുദാസ് പാടിയ ഒരു പാട്ടുണ്ട് “മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ…”. മഞ്ഞക്കിളിയെയും (Indian golden oriole) ഇപ്പോള്‍ അധികം കാണാന്‍ കിട്ടാറില്ല. വടക്ക് നിന്ന് വരുന്ന ഇവ കേരളത്തില്‍ ദേശാടനപ്പക്ഷികളാണ്. സെപ്റ്റംബര്‍–ഒക്ടോബര്‍ ആകുമ്പോഴേക്കും വിരുന്ന് വരികയും, അടുത്ത മെയ് മാസം തിരികെ പോകുന്നതുമാണ് ചിട്ട.

കവിൾ ചുവന്ന ഇരട്ടത്തലച്ചി (Red-whiskered bulbul) അയലത്തെ വീട്ടില്‍ തൂക്കിയിട്ടിരുന്ന തെയ്യത്തിന്റെ ചകിരികൊണ്ടുള്ള മുടിയിലൊരു കൂടുവെച്ചു. അതില്‍ നിന്നും കുഞ്ഞുങ്ങളുടെ ശബ്ദം ഇടയ്ക്ക് കേൾക്കാമായിരുന്നു. ഒരിക്കലൊരു കാവതിക്കാക്ക (House crow) സ്‌കൂട്ടറിന്റെ ചില്ലിൽ സ്വന്തം പ്രതിബിംബത്തെ കൊത്തിയോടിക്കാൻ നോക്കിയ തമാശയും കണ്ടിട്ടുണ്ട്. ഇണയെ ആകർഷിക്കാനായി കൂ..കൂ.. എന്ന് വിളിക്കുന്ന ആൺകുയിലിനെ (Asian koel) ചൊടിപ്പിക്കാൻ ഏതോ മനുഷ്യശബ്ദം കൂവുന്നതും ഇവിടെ കേട്ടിട്ടുണ്ട്. അതും മുഖവരക്കെടുത്തുള്ള ആൺകുയിലിന്റെ ഉറക്കെയുള്ള മറുകൂവലും ബഹുരസമാണ്. ഇതിനു നേരെ വിപരീതമാണ്, മറ്റ് പക്ഷികളെയും മൃഗങ്ങളെയും അനുകരിക്കുന്ന ആനറാഞ്ചിയും (Black drongo) കാടുമുഴക്കിയും (Greater racket-tailed drongo). ഒരിക്കല്‍ പൂച്ചയുടെ കരച്ചില്‍ കേട്ട് പുറത്ത് പോയി നോക്കിയപ്പോള്‍ പൂച്ചയില്ല, പകരം ഇലക്ട്രിക്‌ കമ്പിയിലൊരു കാടുമുഴക്കി! ആനറാഞ്ചി എന്ന പേര് എങ്ങനെ വന്നു എന്ന് ഈ പക്ഷിയെ കാണുമ്പോള്‍ പലര്‍ക്കും കൗതുകം തോന്നും. കാക്കയിലും ചെറുത്‌, കറുപ്പുനിറം, വാല്‍ നീണ്ട് അറ്റത്ത്‌ ഇംഗ്ലീഷ് അക്ഷരമാലയിലെ W പോലെ ഇരിക്കും.

Jungle_owlet | Dincy Mariyam

സന്ധ്യയോടടുക്കുമ്പോള്‍ ചെമ്പന്‍ നത്തിന്റെ (Jungle owlet) കൂ…കൂ… എന്ന മൂളൽ കേള്‍ക്കാറുണ്ട്, ചിലപ്പോള്‍ അതിരാവിലെയും. മൂങ്ങ വര്‍ഗത്തിന്റെ ശബ്ദം മനുഷ്യരെ പലപ്പോഴും ഭയപ്പെടുത്താറുണ്ട്‌. മൂങ്ങയിനത്തില്‍പ്പെട്ട പക്ഷിയാണ് കാലന്‍കോഴി (Mottled wood owl). അതിന്റെ ങഓ…ങഓ… എന്ന ശബ്ദം കേട്ട് പേടിച്ചവരുണ്ട്. കാലന്‍കോഴിയുടെ വിളി മരണദേവന്‍ വരുന്നതിന്റെ സൂചനയാണ് എന്നൊരു സങ്കല്പം നമുക്കിടയിലുണ്ട്. മുമ്പൊരിക്കൽ മൂന്ന് കാലന്‍കോഴി ജനാലയ്ക്കരികിലെ മരത്തില്‍ ഇരുന്ന് വിളിക്കുന്നത് കേട്ടിട്ടുണ്ട്. മൈനയെക്കുറിച്ചുമുണ്ട് (Common myna) വിശ്വാസങ്ങള്‍. ഒറ്റ മൈനയെ കാണുന്നത് മോശമാണെന്നും ഇരട്ട മൈനയെ കാണുന്നത് നല്ല ശകുനം ആണെന്നും. പാവം മൈന എന്ത് പിഴച്ചു!

Greater Racket tailed Drongo | Dincy Mariyam

ഈ മൂന്നുമാസക്കാലത്തിനിടക്ക് വീട്ടിലിരുന്നുകൊണ്ട് ഏകദേശം മുപ്പതോളം ഇനം പക്ഷികളെ കണ്ടു, കേട്ടു. മാടപ്രാവ് (Blue rock pigeon), ചെമ്പോത്ത് (Greater coucal), കാലിമുണ്ടി (Cattle egret), നാട്ടുവേലിതത്ത (Green bee-eater), മീന്‍കൊത്തി ചാത്തന്‍ (White-throated kingfisher), ചിന്നക്കുട്ടുറുവന്‍ (White-cheeked barbet), നാട്ടു മരംകൊത്തി (Black-rumped Flameback), അടയ്ക്കാപക്ഷി (Common Tailorbird), നാകമോഹന്‍ (Indian paradise flycatcher), ചക്കിപ്പരുന്ത് (Black kite) അങ്ങനെ രസികൻ പേരുകളുള്ള കുറെയേറെ കിളികള്‍..

ഇതെഴുതുമ്പോഴും പൂത്താങ്കിരികള്‍ ചിലക്കുന്നത്‌ കേള്‍ക്കാം. ഒരുപാട് രസകരമായ കാഴ്ചകള്‍ എപ്പോഴും നമ്മുക്ക് ചുറ്റും നടക്കാറുണ്ട്. പക്ഷികളെ മാത്രമല്ല, മറ്റ് ജന്തുജാലങ്ങളെ നിരീക്ഷിക്കുന്നതും ഒരു നല്ല നേരമ്പോക്കാണ്. പക്ഷേ നാമിതൊന്നും പലപ്പോഴും ശ്രദ്ധിക്കാറില്ല. കാഴ്ചകള്‍ കാണാന്‍ അവധിയെടുത്ത് കാട്ടിലും മേട്ടിലും ഒന്നും പോകണമെന്നില്ല. നമ്മുടെ വീടിന്റെ പുറത്ത് ഒന്ന് ഇറങ്ങി നോക്കിയാല്‍ മതി..

Tags: Birding, Birds

Related Stories

ചോലനായ്ക്ക ഭാഷയിലെ പക്ഷിനാമങ്ങളും തദ്ദേശീയ ജ്ഞാനവും

ദ്രാവിഡഭാഷാഗോത്രത്തില്‍പ്പെടുന്ന, ലിപിയില്ലാത്ത 'ചോലനായ്ക്ക'ഭാഷയാണ് ചോലനായ്ക്കര്‍ സംസാരിക്കുന്നത്. നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്നതെന്തിനും ചോലനായ്ക്കർ പേരുകൾ നൽകിയിട്ടുണ്ട്.

ഇഴയുന്ന മിത്രങ്ങൾ

പാമ്പെന്നു കേട്ടാൽ വടി അന്വേഷിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ തല്ലിക്കൊല്ലുന്നതിൽ 90% പാമ്പുകളും വിഷമില്ലാത്തവയാണ്. കേരളത്തിൽ 115 ഓളം ഇനം പാമ്പുകൾ ഉള്ളതിൽ വീര്യമേറിയ വിഷമുള്ള പാമ്പുകൾ 20 ൽ താഴെയാണ്. അതിൽത്തന്നെ കേരളത്തിൽ മനുഷ്യർക്ക് പാമ്പ് കടിയേറ്റു മരണം സംഭവിച്ചിട്ടുള്ളത് 5 ഇനത്തിലുള്ളവയുടെ കടിയേറ്റ് മാത്രമാണ്.

മനുഷ്യന്‍റെ വനനിയമങ്ങള്‍!

മനുഷ്യ കേന്ദ്രീകൃത ചിന്തകളിൽ വന്യമൃഗങ്ങളുടെ സ്ഥാനം നാമമാത്രമാണ്. സ്വന്തം നിലനില്പിന് ഈ ഒരു തുണ്ടു ഭൂമിയും അതിലെ കൃഷിയും മാത്രമുള്ളവന്റെ നിസ്സഹായാവസ്ഥ ഒരിക്കലും കാണാതെ പോകുന്നില്ല. എന്നാലും നീതിയുടെ പാതയിൽ മൃഗങ്ങൾ ചെയ്ത പാതകമെന്തെന്ന് ചിന്തിക്കേണ്ട സമയമാണിത്. പ്രകൃതിയുടെ നിയമങ്ങളെ മനുഷ്യന്‍ തന്‍റെ സൗകര്യങ്ങള്‍ക്കായി മാറ്റിയെഴുതിയതിന്‍റെ ചരിത്രം..

Koodu Magazine
Nanma Maram
Contact

E-Mail:koodumasika@gmail.com


Sitemap
  • About
  • Editorial
  • Cover Story
  • Columns
  • Featured Stories
  • Gallery
  • News
  • Testimonials
  • E-Magazine
  • Feedback

Columns
  • സസ്യജാലകം (3)
  • ശലഭചിത്രങ്ങൾ (15)
  • ഉരഗങ്ങൾ (2)
  • ചിറകടികൾ (3)
  • ഉഭയജീവികൾ (3)
  • സസ്തനികൾ (6)
  • ജൈവവിസ്മയം (3)
  • മത്സ്യലോകം (2)
  • വൈദ്യശാല (1)
  • യാത്രക്കാരൻ (6)
  • തുമ്പികൾ (5)

Most Read
  • മനുഷ്യനും പ്രകൃതിയും തമ്മിൽ
  • കടുവ
  • പുള്ളിവെരുക്/പൂവെരുക്
  • വിദ്യാലയത്തിലൊരു ശലഭോദ്യാനം
  • പശ്ചിമഘട്ടം – ജീവന്റെ സ്വരലയം
  • നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
  • പ്രകൃതി സ്നേഹത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ
  • ഗരുഡശലഭം
  • ചോലനായ്ക്ക ഭാഷയിലെ പക്ഷിനാമങ്ങളും തദ്ദേശീയ ജ്ഞാനവും
  • ഇഴയുന്ന മിത്രങ്ങൾ
© 2025 Copyright Koodu Nature Magazine