• About
  • Editorial
  • Cover Story
  • Columns
    • ജൈവവിസ്മയം
    • ഉഭയജീവികൾ
    • യാത്രക്കാരൻ
    • ഉരഗങ്ങൾ
    • സസ്തനികൾ
    • ചിറകടികൾ
    • ശലഭചിത്രങ്ങൾ
    • മത്സ്യലോകം
    • സസ്യജാലകം
  • Featured Stories
  • Gallery
  • News
  • E-Magazine
  • Search
യാത്രക്കാരൻ
June 2017

Home » Columns » യാത്രക്കാരൻ » ഡാന്‍ഡേലിയിലെ വേഴാമ്പലുകള്‍

ഡാന്‍ഡേലിയിലെ വേഴാമ്പലുകള്‍

നവനീത് നായര്‍
Photo : Navaneet Nair

കോഴിക്കോട് നിന്ന് കൂട്ടുകാരുമൊത്ത് ദേശീയ പാത 66-ലൂടെ ഡാന്‍ഡേലിയിലേക്ക് പുറപ്പെടുമ്പോള്‍ പാണ്ടന്‍ വേഴാമ്പലുകളുടെ മനോഹരമായ നിറഭേദങ്ങളായിരുന്നു മനസ്സു മുഴുവനും. പ്രകൃതിയുടെ മഹത്തായ തത്വശാസ്ത്രം പോലെ ശ്യാമശ്വേതങ്ങളുടെ കടുത്ത ചായങ്ങള്‍ സമാസമം ഉടലില്‍ പേറി നടക്കുന്ന സുന്ദരന്‍ പക്ഷികളാണ് പാണ്ടന്‍ വേഴാമ്പലുകള്‍. ഇപ്പോള്‍ ഇവയെ ഓര്‍ക്കാന്‍ ഒരു കാരണമുണ്ട്, പോകുന്നത് ഡാന്‍ഡേലിയിലേക്കാണ്. വേഴാമ്പലുകളുടെ സാമ്രാജ്യമായ ഡാന്‍ഡേലിയിലേക്ക്.

അത്ര പരിചയം ഇല്ലാത്ത ഈ സ്ഥലപ്പേരു കേള്‍ക്കുമ്പോള്‍ ഏതോ വിദേശരാജ്യമാണെന്നു കരുതിപ്പോയെങ്കില്‍ തെറ്റി. ഉത്തര കര്‍ണ്ണാടകയിലെ ഗോവന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഒരു പഴയ പട്ടണമാണ് ഡാന്‍ഡേലി. കര്‍ണ്ണാടകയുടെ പൊതു ഭൂപ്രകൃതിയില്‍ നിന്ന് വിഭിന്നമായി കൂറ്റന്‍ മരങ്ങള്‍ നിറഞ്ഞ കാടും ആര്‍ത്തു ചിരിക്കും പുഴകളും തണുപ്പും എല്ലാം ചേര്‍ന്നൊരു സ്വര്‍ഗ്ഗഭൂമി.

ഡാന്‍ഡേലി എന്ന സ്ഥലനാമത്തിനു പുറകില്‍ കണ്ണീരിന്‍റെ നനവുള്ള ഒരു പ്രണയകഥയുണ്ട്. ഡാന്‍ഡേലപ്പ എന്ന ദുരന്ത കാമുകനുണ്ട്. മിഷറി ജന്മിയുടെ വിശ്വസ്ത ഭൃത്യനായിരുന്നു ഡാന്‍ഡേലപ്പ. സുന്ദരനായ ഡാന്‍ഡേലപ്പയോട് ജന്മിയുടെ സഹോദരിക്ക് പ്രണയം തോന്നി. യജമാനന്‍റെ കുടുംബത്തോടുള്ള നന്ദികേടാകുമതെന്നു കരുതി ഡാന്‍ഡേലപ്പ ആ പ്രണയം നിരസിച്ചു. പ്രണയം തലക്കുപിടിച്ച സഹോദരി തന്‍റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ച ദേഷ്യത്തില്‍ ഡേന്‍ഡേലപ്പ തന്നെ ബലാത്സംഗം ചെയ്തെന്ന് സഹോദരനോട് കളവു പറഞ്ഞു. ജന്മി ഡാന്‍ഡേലപ്പയെ കൊന്ന് തുണ്ടം തുണ്ടമാക്കി കാട്ടില്‍ കളഞ്ഞു. നല്ലവനായിരുന്ന ഡാന്‍ഡേലപ്പയുടെ ഓര്‍മ്മയ്ക്കായി നാട്ടുകാര്‍ അവിടെ ഒരു ക്ഷേത്രം പണിതു. നാടിന് ഡാന്‍ഡേലി എന്ന പേരും വന്നു. ഈ നാടോടിക്കഥയില്‍ ഭ്രമിച്ചിട്ടായിരുന്നില്ല യാത്ര. ഫൈക്കസ് മരങ്ങളുടെ സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള പഴങ്ങള്‍ തിന്നും മുളയില്ലികളില്‍ പരസ്പരം പ്രണയിച്ചും തേക്കിലത്തണലില്‍ കിന്നാരം പറഞ്ഞുമിരിക്കുന്ന നൂറുകണക്കിന് വേഴാമ്പലുകള്‍ മാത്രമായിരുന്നു ഞങ്ങള്‍ എല്ലാവരുടെയും മനസ്സില്‍.

വഴിയരികിലെ കാഴ്ചയുടെ പകല്‍ദൂരങ്ങളില്‍ മുഴുകി, കൈഗയിലെ സുഹൃത്തുക്കളുടെ ആതിഥ്യത്തില്‍ ആലസ്യമകറ്റി ഡാന്‍ഡേലിയില്‍ എത്തിയപ്പോഴേക്കും മൂന്നാമത്തെ പകല്‍ പകുതിയായിരുന്നു. ശങ്കരാചാര്യരുടെ ശൃംഗേരി മഠം, റോമുലസ് വിറ്റേക്കറുടെ സ്വന്തം അഗുംബെ, വിശ്വപ്രസിദ്ധമായ ജോഗ് ഫാള്‍സ് ഇതിനൊക്കെ പുറമെ വഴിയരികിലെ കുളങ്ങളിലും എണ്ണിയാലൊടുങ്ങാത്ത ചെറുതടാകങ്ങളിലും നൂറുകണക്കിന് പക്ഷികള്‍. നേരില്‍ കണ്ട കാഴ്ചകളൊക്കെ ക്യാമറയിലെക്ക് പകര്‍ത്തി.

മൂന്നാം ദിനത്തിന്‍റെ ആദ്യപാദത്തില്‍ ഡാന്‍ഡേലിയിലേക്ക് തിരിച്ചു. ചെറുനഗരങ്ങള്‍ വിട്ടാല്‍ പിന്നെ കാടുമാത്രം. അന്‍ഷി ടൈഗര്‍ റിസര്‍വിലൂടെയാണ് യാത്ര. വഴിയുടെ ഇരുവശത്തും വളര്‍ന്നു നില്‍ക്കുന്ന കനത്ത മഴക്കാട്. ഇടക്ക് കര്‍ഷകഗ്രാമങ്ങള്‍ കാറിന്‍റെ സൈഡ് മിററിലൂടെ എത്തിനോക്കി പോകും. പാണ്ടന്‍ വേഴാമ്പലിനെ കാണണമെന്ന മോഹവുമായി ചെന്നെത്തിയത് ഓള്‍ഡ് മാഗസിന്‍ ഹൗസ് എന്ന റിസോര്‍ട്ടില്‍. ഒരു കുന്നിന്‍ചെരിവില്‍ കര്‍ണ്ണാടക സര്‍ക്കാറിന്‍റെ ജംഗിള്‍ ലോഡ്ജ്സ് ആന്‍റ് റിസോര്‍ട്ട്സ് നടത്തുന്ന സ്ഥാപനത്തിന്‍റെ മാനേജര്‍ മോഹന്‍ ബാബുവിനോട് ആവശ്യമറിയിച്ചു. നേരത്തേ ബുക്ക് ചെയ്യാഞ്ഞതിനാല്‍ മുറി ലഭിച്ചില്ല. പക്ഷേ, നമ്മുടെ ആഗ്രഹത്തിന് നേരെ മോഹന്‍ബാബു ഒരു പച്ചക്കൊടി വീശി. നേരെ ഡാന്‍ഡേലി ടിമ്പര്‍ ഡിപ്പോയിലേക്ക് വിട്ടോളാന്‍. പിന്നെ ഒന്നുമാലോചിച്ചില്ല. വണ്ടി ഡിപ്പോയിലേക്ക് പാഞ്ഞു.

ആള്‍താമസം അധികമില്ലാത്ത ഒഴിഞ്ഞ ഒരിടം. വന്‍മരങ്ങള്‍ വളര്‍ന്നു സൂര്യനെ തടഞ്ഞു തണലിട്ട പ്രദേശം. ചുറ്റുമതിലും കവാടവും ചില്ലറ ഓഫീസ് കെട്ടിടങ്ങളും കഴിഞ്ഞാല്‍ പിന്നെ വിജനമായ കാട്. മരങ്ങള്‍ അതിരിട്ട് റോഡ്. മരങ്ങള്‍ക്കിടയില്‍ ഇടിഞ്ഞു വീണുകിടക്കുന്ന പഴയ ക്വാര്‍ട്ടേഴ്സുകള്‍. പഴങ്ങള്‍ നിറഞ്ഞ് തലകുനിച്ചു നില്‍ക്കുന്ന ഫൈക്കസ് മരങ്ങള്‍. പെട്ടെന്ന് സ്കൂള്‍ വിട്ടപോലെയുള്ള കുട്ടികളുടെ കലപില ശബ്ദം. പിന്നാലെ അവ കൂട്ടമായെത്തി, പക്ഷിരാജന്‍മാരുടെ പട. ശ്യാമശ്വേത വര്‍ണ്ണങ്ങളുടെ തൂവല്‍ പൊതിഞ്ഞെത്തിയ പാണ്ടന്‍ വേഴാമ്പലുകളുടെ കൂട്ടം രണ്ട് തേക്ക് മരങ്ങളിലേക്കായി പറന്നിറങ്ങി. ആര്‍ത്തു കരഞ്ഞു. കൊത്തുകൂടിയും കൊക്കുരുമ്മിയും അവ ഉല്ലസിച്ചു. അസ്തമയ സൂര്യന്‍റെ പൊന്‍കിരണം തട്ടി ചുവന്ന പക്ഷികള്‍ ക്യാമറക്ക് ഉത്സവക്കാഴ്ചയായി. വേഴാമ്പലുകളുടെ വിവിധ ഭാവങ്ങള്‍ ക്യാമറയുടെ ഓര്‍മ്മച്ചില്ലയിലേക്ക് ചേക്കേറിക്കൊണ്ടിരുന്നു. വേഴാമ്പലുകളുടെ അപൂര്‍വ്വങ്ങളായ ഭാവങ്ങളിലുള്ള ചിത്രങ്ങള്‍ ലഭിച്ചതിന്‍റെ സന്തോഷത്തില്‍ ഡാന്‍ഡേലിയിലെ ആദ്യരാത്രിയില്‍ സുഖനിദ്ര വിരുന്നെത്തി.

പിറ്റേന്ന് നേരം വെളുത്തപ്പോഴേക്കും ക്യാമറയുമായി വീണ്ടും ഇറങ്ങി. വേഴാമ്പലുകള്‍ പ്രാതല്‍ കഴിക്കുന്ന ഫോട്ടോയാണ് ലക്ഷ്യം. പഴങ്ങള്‍ തിങ്ങിയ ഒരു ഫൈക്കസ് മരത്തിന്‍റെ അരികിലായി ഞങ്ങള്‍ മറഞ്ഞിരുന്നു, ക്യാമറച്ചില്ലുകള്‍ തുറന്നും. പഴങ്ങള്‍ പാകമായി നില്‍ക്കുന്ന ആല്‍മരത്തിന്‍റെ പ്രലോഭനത്തിലേക്ക് പക്ഷിക്കൂട്ടം പറന്നെത്തുമെന്ന് ഉറപ്പായിരുന്നു. പേരാലിന്‍റെ വര്‍ഗ്ഗത്തില്‍ പെടുന്ന Ficus ducacia എന്ന മരത്തിന്‍റെ ഫലം ചിറകുമായി പിറന്നവയ്ക്കൊക്കെ ഇഷ്ടമാണ്.

Photo : Arun S. Raj

ഒരു കോപ്പര്‍ സ്മ്മിത്ത് ബാര്‍ബെറ്റാണ് ആദ്യം പറന്നെത്തിയത്. നന്നായി പഴുത്ത ഒരു കായ അവന്‍ കൊത്തിവിഴുങ്ങി. ബാര്‍ബെറ്റുകള്‍ പിന്നെയും വന്നുതുടങ്ങി. കുട്ടുറുവനും White Cheecked Barbet) ആല്‍ക്കിളികളും (Malabar Barbet) നിരവധി. അധികം താമസിച്ചില്ല ആര്‍പ്പുവിളികളോടെ പാണ്ടന്‍ വേഴാമ്പലുകളുടെ സംഘമെത്തി. തലങ്ങും വിലങ്ങും അവ ആല്‍മരക്കായകള്‍ വെട്ടിവിഴുങ്ങി. കോഴി വേഴാമ്പലുകളും (Malabar Grey Hornbill), നാട്ടുവേഴാമ്പലുകളും (Oriental Hornbill) പിറകെ പറന്നെത്തി. അതൊരു വല്ലാത്ത കാഴ്ചയായിരുന്നു. ക്യാമറക്കണ്ണുകള്‍ക്ക് വേഴാമ്പലുകളുടെ ഉത്സവക്കാഴ്ച. പതിനഞ്ച് അടിയോളം മാത്രം ഉയരമുള്ള ആ ചെറുമരം നിറയെ പക്ഷികള്‍. മലമുഴക്കിയൊഴിച്ച് കാണാന്‍ കൊതിച്ചിരുന്ന എല്ലാ തരം വേഴാമ്പലുകളും ഒരുമിച്ച് വിശപ്പടക്കുന്ന അപൂര്‍വ്വകാഴ്ച. പക്ഷിനിരീക്ഷണ ജീവിതത്തിലെ അപൂര്‍വ്വം ചില അവസരങ്ങളില്‍ മാത്രം ലഭ്യമാവുന്ന അതി സുന്ദരമായ കാഴ്ച.

വെയില്‍ താഴ്ന്നപ്പോള്‍ ഡാന്‍ഡേലിയോട് വിടപറഞ്ഞു. കോഴിക്കോടു ലക്ഷ്യമാക്കി യാത്ര തിരിക്കുമ്പോള്‍ മനസ്സില്‍ മലമുഴക്കി (Great Indian Hornbill) എന്ന അതിമോഹം മാത്രം ബാക്കി നിന്നു. കാതങ്ങള്‍ താണ്ടി കാണാന്‍ വന്നിട്ടും. മലമുഴക്കി വേഴാമ്പല്‍ മാത്രമെന്തേ പിണങ്ങിയൊളിച്ചു നിന്നു?

ഞങ്ങള്‍ ഗോകര്‍ണ്ണം ലക്ഷ്യമാക്കി കുതിക്കുമ്പോള്‍ മലാന്‍റ ബെല്‍റ്റിലെ ഡാന്‍ഡേലപ്പ ക്ഷേത്രത്തില്‍ നിന്ന് ഒരു പിന്‍വിളിപോലെ. ഇതുവഴി ഇനിയും വരാതിരിക്കരുത് മലമുഴക്കിയുടെ പിണക്കം അതുവരേക്കുമാത്രം.

Tags: Dandeli, Great Indian Hornbill, hornbills, Malabar Grey Hornbill, navaneet-nair, Oriental Hornbill, travelogue

Related Stories

ചെപ്പാറ : പാറ പൂക്കുന്നിടം…

പാറക്കു മുകളിലെ പൂന്തോട്ടങ്ങളാണ് മറ്റൊരു കൗതുകം. പാറപൂക്കുന്ന ചന്തം കണ്ടാല്‍ മഴവില്ലു തോറ്റു പോകുമെന്നു തോന്നിപ്പോവും. ചെപ്പാറ കുന്നിലെ കാഴ്ചകളെക്കുറിച്ച്‌ പി.കെ. ജ്യോതി എഴുതുന്നു.

ഹംപിയിലെ കൊമ്പൻ മൂങ്ങ

ഹംപിയെന്ന പഴയ വിജയനഗര സാമ്രാജ്യത്തിലെ കാഴ്ചകൾ കണ്ടു തീരാൻ തന്നെ ദിവസങ്ങളെടുക്കും. വിസ്മൃതിയിലാണ്ടുപോയ ക്ഷേത്ര നഗരിയുടെ വിസ്മയക്കാഴ്ചകളായിരിക്കും ഏതൊരു സാധാരണ യാത്രക്കാരനെയും ആവേശം കൊള്ളിക്കുന്നത്. എന്നാലൊരു പക്ഷിനിരീക്ഷക ഹംപിയിൽ പോയാലോ?

കടുവ ദൈവങ്ങളുടെ നാട്ടിലേക്ക്

കടുവഭൂമി എന്ന വിശേഷണത്തിനു തടോബാ കടുവ സങ്കേതം സർവാത്മനാ യോഗ്യമാവുന്നത് അവിടെ കാടും കടുവയും മനുഷ്യനും അത്രമേൽ പാരസ്പര്യത്തിലും സൗഹൃദത്തിലും പുലരുന്നത് കൊണ്ട് തന്നെയാണ്...

Koodu Magazine
Nanma Maram
Contact

E-Mail:koodumasika@gmail.com


Sitemap
  • About
  • Editorial
  • Cover Story
  • Columns
  • Featured Stories
  • Gallery
  • News
  • Testimonials
  • E-Magazine
  • Feedback

Columns
  • സസ്യജാലകം (3)
  • ശലഭചിത്രങ്ങൾ (15)
  • ഉരഗങ്ങൾ (2)
  • ചിറകടികൾ (3)
  • ഉഭയജീവികൾ (3)
  • സസ്തനികൾ (6)
  • ജൈവവിസ്മയം (3)
  • മത്സ്യലോകം (2)
  • വൈദ്യശാല (1)
  • യാത്രക്കാരൻ (6)
  • തുമ്പികൾ (5)

Most Read
  • മനുഷ്യനും പ്രകൃതിയും തമ്മിൽ
  • കടുവ
  • പുള്ളിവെരുക്/പൂവെരുക്
  • വിദ്യാലയത്തിലൊരു ശലഭോദ്യാനം
  • നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
  • പശ്ചിമഘട്ടം – ജീവന്റെ സ്വരലയം
  • വിൽക്കാനുണ്ട് വയലുകൾ, പുഴകളും
  • ഗരുഡശലഭം
  • പാഠം ഒന്ന്; പച്ച
  • പ്രകൃതി സ്നേഹത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ
© 2023 Copyright Koodu Nature Magazine