ഇന്ത്യയില്‍ നിന്നും നാളിതുവരെ വിവരണം ചെയ്യപ്പെട്ടിട്ടുള്ള 850-ഓളം വരുന്ന ശുദ്ധജല മത്സ്യയിനങ്ങളില്‍ 30 ശതമാനത്തിലധികം കൂമി/മുഴി വര്‍ഗ്ഗത്തില്‍െപ്പട്ടവയാണ്.
ജൈവ വൈവിധ്യത്താല്‍ സമ്പന്നമായ പശ്ചിമഘട്ടത്തില്‍ നിന്നും 12 മത്സ്യകുടുംബങ്ങളിലായി ഏകദേശം 60 മുഴി മത്സ്യയിനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. മേല്‍-കീഴ്ത്താടികളിലായി പൂച്ചകളുടേതിന് സമാനമായ തൊങ്ങലുകളോടു കൂടിയതും, ശരീരത്തില്‍ ശല്‍ക്കങ്ങളില്ലാത്തതുമായ മത്സ്യയിനങ്ങളാണ് കൂമി/മുഴിമത്സ്യങ്ങള്‍. ശുദ്ധജലത്തിലും ഓരുജലത്തിലും സമുദ്രജലത്തിലും പ്രതിനിധികളുള്ള ഇവ ആഗോള ജലജന്യ ആവാസവ്യവസ്ഥകളില്‍ 3700-ലധികം മത്സ്യയിനങ്ങളെ ഉള്‍ക്കൊള്ളുന്നു. ഈ ലക്കത്തില്‍ വംശനാശ ഭീഷണിയിലുള്ള ‘വയനാടന്‍ മുഴി’ എന്ന തദ്ദേശീയ മത്സ്യയിനത്തെ നമുക്ക് പരിചയപ്പെടാം. യൂറോപ്പ്, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലെ ശുദ്ധജല ആവാസവ്യവസ്ഥകളില്‍ കണ്ടു വരുന്നതും നന്നേ ലോപിച്ച മേല്‍ചിറകോടു കൂടിയതും, ദൈര്‍ഘ്യമാര്‍ന്ന ഗുദ ചിറകോടു കൂടിയതും പരമാവധി മൂന്നു ജോടി തൊങ്ങലുകള്‍ മാത്രം കാണപ്പെടുന്നതുമായ മത്സ്യയിനങ്ങളെ ഉള്‍ക്കൊള്ളുന്ന സിലൂറിഡേ (Siluridae) എന്ന മത്സ്യ കുടുംബത്തിലാണ് വയനാടന്‍ മുഴി ഉള്‍പ്പെടുന്നത്.
1873-ല്‍ ഡോ. ഫ്രാന്‍സിസ് ഡേ എന്ന മത്സ്യഗവേഷകന്‍ വയനാട് ജില്ലയിലെ വൈത്തിരിയിലെ അരുവിയില്‍ നിന്നും കണ്ടെത്തി വിവരണം ചെയ്ത ഈ മത്സ്യത്തിന്‍റെ ശാസ്ത്രീയ നാമം Pterocryptis wynadensis എന്നാണ്. വയനാടന്‍ മുഴി/പനമരം വാള എന്നിങ്ങനെ പ്രാദേശിക വിളിപ്പേരുകളുള്ള ഈ മത്സ്യത്തിന്‍റെ ജീനസില്‍ (Pterocryptis) ഇന്ത്യയില്‍ മൂന്നിനം മത്സ്യങ്ങളെ മാത്രമാണ് കണ്ടെത്തപ്പെട്ടിട്ടുള്ളത്. ഏഷ്യാ ഭൂഖണ്ഡത്തിലെ ശുദ്ധജല ആവാസ വ്യവസ്ഥകള്‍ക്ക് തദ്ദേശീയമായ ഈ ജീനസില്‍ വയനാടന്‍ മുഴിയെ കൂടാതെ 16 മത്സ്യയിനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിന്‍റെ മേല്‍ഭാഗത്തിനും പാര്‍ശ്വങ്ങള്‍ക്കും ഇരുണ്ട തവിട്ട് നിറമാണ്. കീഴ്ഭാഗത്തിനും ചിറകുകള്‍ക്കും ചാരനിറമാണ്. ചെറുദശയിലെ മത്സ്യങ്ങള്‍ക്ക് തവിട്ട് കലര്‍ന്ന മഞ്ഞ നിറമാണുള്ളത്. ഗുദചിറകിന്‍റെ ആരംഭ ഭാഗം വരെ ശരീരം ഉരുണ്ടിട്ടും അതിനെ തുടര്‍ന്ന് പാര്‍ശ്വങ്ങളില്‍ പരന്നിട്ടുമാണ്. ശിരസ്സ് ഹൃസ്വദൈര്‍ഘ്യമാര്‍ന്നതും അറ്റത്തായി സ്ഥിതി ചെയ്യുന്ന വായോടു കൂടിയതുമാണ്. മേല്‍ത്താടിയില്‍ ഒരു ജോഡിയും കീഴ്ത്താടിയില്‍ രണ്ടു ജോഡിയും തൊങ്ങലുകള്‍ കാണപ്പെടുന്നു. ഇരകളെ പിടിക്കുന്നതിനുതകും വിധം മേല്‍ത്താടിയില്‍ കമാനാകൃതിയിലുള്ള ഒരു ജോഡി ദന്തനിരയും കീഴ്ത്താടിയില്‍ ഒരൊറ്റ ദന്തനിരയുംഈ മത്സ്യത്തിനുണ്ട്. ഇതുകൂടാതെ,മേല്‍-കീഴ് ഗ്രസനികളിലായി ഒരു ജോഡി ദന്തനിരയുമുണ്ട്.
ശിരസ്സിനോട് ചേര്‍ന്ന് ചെകിളമൂടിക്ക് പുറകിലായി സ്ഥിതിചെയ്യുന്ന നന്നേലോപിച്ച മേല്‍ചിറക് ഈ മത്സ്യത്തിന്‍റെ പ്രത്യേകതയാണ്. ശോണീ ചിറക് ഉരുണ്ടിട്ട് ബലമേറിയ മുള്ളോടുകൂടിയതും അംസീയ ചിറക് വളരെ ഹ്രസ്വദൈര്‍ഘ്യമാര്‍ന്നതുമാണ്. വളരെ നീണ്ട ഗുദചിറക്ഉരുണ്ട വാല്‍ചിറകിന്‍റെ പാദസ്ഥാനത്തിന്മുന്നില്‍ അവസാനിക്കുന്നു. ഈ മത്സ്യത്തിന്‍റെ ശിരസ്സിലും പാര്‍ശ്വരേഖയിലുമായി നിരവധി സംവേദന സുഷിരങ്ങള്‍ കാണപ്പെടുന്നു. പശ്ചിമഘട്ടത്തിലെ നദികളിലെ ആവാസ വ്യവസ്ഥകളില്‍ മാത്രം കാണപ്പെടുന്ന ഇവയെ ചന്ദ്രഗിരി, കാവേരി, തുംഗഭദ്ര എന്നീ നദികളില്‍ നിന്നുമാണ് വിവരണം ചെയ്യപ്പെട്ടിട്ടുള്ളത്. ചെളി കലര്‍ന്ന മണ്ണോടു കൂടിയതും,ഉരുളന്‍ കല്ലുകള്‍ നിറഞ്ഞതും ഒഴുക്കുള്ളതും മരങ്ങളുടെ നിഴലുകള്‍ ധാരാളമായി പതിക്കുന്നതുമായ നദീ ഭാഗങ്ങളിലാണിവയെ കണ്ടുവരുന്നത്. രാത്രിഞ്ചരന്മാരായ ഈ മത്സ്യങ്ങള്‍ പകല്‍ വെളിച്ചത്തിന്‍റെ സിംഹഭാഗവും കല്‍പൊത്തുകളിലും മരവേരുകള്‍ക്കിടയിലുമാണ് കഴിച്ചുകൂട്ടുന്നത്. പ്രകൃതിയില്‍ കൊഞ്ച്-ഞണ്ട് വര്‍ഗ്ഗജീവികള്‍, ചെറിയ ഉഭയജീവികള്‍, ചെറുപാമ്പുകള്‍, ചെറുമത്സ്യങ്ങള്‍ എന്നിവയെ ആഹാരമാക്കിയാണിവ വളരുന്നത്. മഴക്കാലത്ത് ഇവ പ്രജനനത്തിനായി നെല്‍പാടങ്ങള്‍ പോലുള്ള തണ്ണീര്‍ത്തടങ്ങളിലേക്ക് പലായനം ചെയ്യുന്നതായി വിവരണങ്ങളുണ്ട്. ഇക്കാലയളവില്‍, ഇവയെ പരിസരവാസികള്‍ വിവിധ മത്സ്യന്ധന ഉപാധികളുപയോഗിച്ച് കൂട്ടത്തോടെ പിടിച്ചെടുക്കാറുണ്ട്. ജനനേന്ദ്രിയത്തിന്‍റെ ആകൃതിയിലുള്ള വ്യത്യാസമനുസരിച്ച് ഇവയുടെ ആണ്‍-പെണ്‍മത്സ്യങ്ങളെ തിരിച്ചറിയാന്‍ സാധിക്കും.
പ്രകൃതിയില്‍ പരമാവധി 30 സെന്‍റിമീറ്ററോളം വലുപ്പമെത്തുന്ന ഇവയെ ആദിവാസികളടക്കമുള്ള പ്രാദേശികവാസികള്‍ ഭക്ഷ്യാവശ്യത്തിനായി ഉപയോഗിച്ചുവരുന്നു. ഇവയുടെ ചെറുദശയിലുള്ളവയെ മലാര്‍സിലൂറസ് (Malabar Silurus), ഉരുളന്‍വാലന്‍മുഴി (Red Tailed Catfish) എന്നീ വിളിപ്പേരുകളില്‍ സജീവമായി ആഭ്യന്തര-അന്താരാഷ്ട്ര അലങ്കാര മത്സ്യവിപണികള്‍ വിപണനംനടത്തി വരുന്നുണ്ട്.
വയനാടന്‍ മുഴിയെ ലാക്കാക്കിയുള്ള മത്സ്യന്ധനം, തോട്ടപൊട്ടിക്കലും നഞ്ച്കലക്കലുമടക്കമുള്ള അശാസ്ത്രീയ മത്സ്യബന്ധന രീതികള്‍, അരുവിക്കരയിലെ ഏലം,തേയില, കാപ്പി എന്നീ കൃഷിത്തോട്ടങ്ങളില്‍ നിന്നുള്ള കീടനാശിനി മലിനീകരണം, വിവിധ കാരണങ്ങളാലുള്ള ആവാസവ്യവസ്ഥയുടെ ശോഷിക്കല്‍, മറ്റ് മുഴിയിനങ്ങളെ അപേക്ഷിച്ച് പ്രകൃതിയിലെ പ്രതികൂല സാഹചര്യങ്ങളോട് കിടപിടിച്ച് വളരാനുള്ള ഇവയുടെ ശേഷിക്കുറവ് എന്നിവ ഇവ പ്രകൃതിയില്‍ നേരിടുന്ന ഭീഷണികളാണ്. മേല്‍പറഞ്ഞ ഭീഷണികളാലും ഇവയുടെ നിലവിലെഹ്രസ്വവിതാനത്താലും ഐ.യു.സി.എന്‍.ഇവയെ ‘വംശനാശഭീഷണിയിലുള്ളവ’ (Endangered) എന്ന വിഭാഗത്തിലാണുള്‍െപ്പടുത്തിയിരിക്കുന്നത്.