കേരളത്തിൽ വളരെ അപൂർവ്വമായതും പുല്ലുകൾക്കിടയിൽ തൂങ്ങിക്കിടന്നു വിശ്രമിക്കുന്നതുമായ പച്ചക്കണ്ണുള്ള നീണ്ടുമെലിഞ്ഞ ഒരു സൂചിത്തുമ്പിയാണിത്. ചേരാച്ചിറകന്മാരുടെ (Lestidae) കുടുംബത്തിൽപെട്ട ഇതിന്റെ പേര് (Emerald eyed Spread wing) (Platylestes platystylus) എന്നാണ്. 1933 ൽ പശ്ചിമ ബംഗാളിൽ ബ്രിട്ടീഷ് എന്റമോളജിസ്റ്റായ ഫ്രേസർ ആണ് ഈ തുമ്പിയെ ആദ്യമായി കണ്ടെത്തിയത്. അതിനു ശേഷം നിരവധി വർഷങ്ങളായി ശാസ്ത്ര ലോകത്തിന് ഈ തുമ്പിയുടെ സാന്നിധ്യമോ ചിത്രങ്ങളോ ലഭിച്ചിരുന്നില്ല . തായ്ലാൻഡ് , മ്യാൻമർ , വിയറ്റ്നാം , ലാഗോസ് എന്നീ രാജ്യങ്ങളിൽ ഇവയുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. 2017-18 കാലഘട്ടത്തിൽ തൃശൂരിലെ തുമ്പൂർ എന്ന ഗ്രാമത്തിൽ നിന്നും റൈസൻ തുമ്പൂർ എന്ന പ്രകൃതി നിരീക്ഷകനാണ് ആദ്യമായി ഈ തുമ്പിയുടെ ചിത്രങ്ങൾ പകർത്തിയത്.
2018 മെയ് മാസം അവസാനത്തിലും ജൂൺ മാസത്തിലും കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്ത് വരഡൂർ ഗ്രാമത്തിൽ തുമ്പി നിരീക്ഷിക്കുന്നതിനിടെ പുല്ലുകൾക്കിടയിൽ ഇണചേരുന്ന സാധാരണമല്ലാത്ത ചേരാച്ചിറകൻ തുമ്പികളെ കാണുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തു. തുടർന്ന് ആൺ പെൺ തുമ്പികളുടെ പ്രത്യേകം ചിത്രങ്ങൾ കിട്ടി. തുടർന്ന് സുഹൃത്തായ ജീവൻ ജോസ് പച്ചക്കണ്ണൻ ചേരാച്ചിറകനെ തിരിച്ചറിയുകയും പ്രശസ്ത തുമ്പി നിരീക്ഷകനായ തായ്ലാന്റുകാരനായ നൊപ്പാഡോൺ മാക്ബൻ സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് 2019 ജൂണിലും ആഗസ്റ്റിലും ഇതിനെ വരഡൂരിൽ നിരീക്ഷിച്ചിട്ടുണ്ട്. കേരളത്തിൽ അടുത്ത കാലത്തായി (2018 -19) തൃശ്ശൂരിൽ നിന്നും മിനി ആന്റോ , കോൾ നിലങ്ങളിൽ നിന്നും ( തൃശൂർ) രവീന്ദ്രൻ കെ സി , രഞ്ജിത്ത് ആർ വി , കണ്ണപുരത്തു നിന്നും (കണ്ണൂർ ) വി സി ബാലകൃഷ്ണൻ , മാടായിപ്പാറയിൽ നിന്നും (കണ്ണൂർ) വിനയൻ നായർ തുടങ്ങിയവർ ഈ തുമ്പിയെ നിരീക്ഷിച്ചിട്ടുണ്ട് . കൂടാതെ 2019 ഏപ്രിൽ മാസത്തിൽ പശ്ചിമ ബംഗാളിൽ മാത്രമാണ് ഇവയെ നിരീക്ഷി ച്ചിട്ടുള്ളത്. കേരളത്തിൽ മെയ് മുതൽ ഒക്ടോബർ അവസാനം വരെയുള്ള കാലത്താണ് ഇവയെ കാണാൻ പറ്റുന്നത്.
പ്രായപൂർത്തിയായ ആൺ തുമ്പികൾക്ക് പച്ചനിറമുള്ള കണ്ണുകളാണ്. ഇളം പച്ചകലർന്ന ബ്രൗൺ നിറമുള്ള ഉരസിൽ കറുത്ത പുള്ളികൾ കാണാം. സുതാര്യമായ ചിറകുകളിലെ കറുത്തപൊട്ടിന് ഇരു ഭാഗത്തുമായി നേർത്ത വെളുത്ത വര കാണാം. തവിട്ടു നിറമുള്ള ഉദരത്തിലെ ഓരോ ഖണ്ഡത്തിന്റെ അവസാനത്തിലും കറുത്ത വളയങ്ങൾ കാണാം കൂടാതെ അവസാനത്തെ ഖണ്ഡങ്ങൾക്കു കറുപ്പ് നിറമാണ് . പെൺ തുമ്പികൾ ആൺ തുമ്പികളെ പോലെയാണ്. എന്നാൽ കുറുവാലുകളുടെ ആകൃതിയിലാണ് വ്യത്യാസം. ആൺ പെൺ തുമ്പികൾക്ക് പ്രായത്തിനനുസരിച്ചു നിറഭേദങ്ങൾ കാണാം.
Tags: തുമ്പികൾ, പച്ചക്കണ്ണൻ ചേരാച്ചിറകൻ