• About
  • Editorial
  • Cover Story
  • Columns
    • ജൈവവിസ്മയം
    • ഉഭയജീവികൾ
    • യാത്രക്കാരൻ
    • ഉരഗങ്ങൾ
    • സസ്തനികൾ
    • ചിറകടികൾ
    • ശലഭചിത്രങ്ങൾ
    • മത്സ്യലോകം
    • സസ്യജാലകം
  • Featured Stories
  • Gallery
  • News
  • E-Magazine
  • Search
ശലഭചിത്രങ്ങൾ
June 2020

Home » Columns » ശലഭചിത്രങ്ങൾ » നാട്ടുമയൂരി

നാട്ടുമയൂരി

സി. സുശാന്ത്

 

Common Banded Peacock നാട്ടുമയൂരി | സി. സുശാന്ത്

കേരളത്തിലെ താഴ്ന്ന വിതാനങ്ങളിലെ ഇലപൊഴിയും കാടുകളിൽ കാണുന്ന ചിത്രശലഭമാണ് നാട്ടുമയൂരി (Common Banded Peacock -Papilio crino ). കിളിവാലൻ (Swallowtail ) ചിത്രശലഭ കുടുംബത്തിലെ കാണാനഴകുള്ള ചിത്രശലഭമാണ് നാട്ടു മയൂരി. ചിറകളവ് എണ്‍പത്-നൂറ് മില്ലിമീറ്റര്‍. പുറം ചിറകുകൾക്ക് കറുപ്പിൽ ഇരുണ്ട മരതകപ്പച്ച കലർന്ന ഒളിമിന്നുന്ന മയിൽ വർണ്ണമാണ്. സൂര്യപ്രകാശമേൽക്കുമ്പോൾ ചിറകുകളിൽ മരതകപ്പച്ച മിനുക്കു പൊടി വാരിയെറിഞ്ഞതു പോലെയുള്ള തിളക്കമാണ്. ഇരുചിറകുകളിലും നീല കലർന്ന പട്ടയുണ്ട്. മുൻചിറകിലെ പട്ടക്കു വീതി കുറവാണ്.പിൻചിറകിലെ പട്ടക്കു കൂടുതൽ വീതിയും നീലനിറവുമേറും. കിളിവാലുകളുടെ തുഞ്ചത്ത് തിളങ്ങുന്ന നീലപ്പൊട്ടുകളുണ്ട്.

ചിറകടയ്ക്കുമ്പോൾ നാട്ടുമയൂരിക്ക് ഈ വർണ്ണ ശോഭയൊന്നുമില്ല. കറുപ്പു നിറത്തിൽ വെള്ള പൊടിയണിഞ്ഞതു പോലെ നിറമുണ്ട്. പിൻചിറകുകളുടെ അരികുകളിൽ ചന്ദ്രക്കലയുടെ ആകൃതിയിൽ അടയാളങ്ങളുണ്ട്. പിൻചിറകുകളുടെ കീഴറ്റത്തു ചുവപ്പു വലയമണിഞ്ഞ കറുത്ത പുള്ളിക്കുത്തുകളും.

വരണ്ടകാടുകളോട് ഏറെതാല്പര്യമുള്ള ചിത്രശലഭമാണ് നാട്ടുമയൂരി. ഇവയെ ചിന്നാർ, വയനാട്, തട്ടേക്കാട് വന്യജീവി സങ്കേതങ്ങളിലും പാലക്കാടിലെ വരണ്ട കാടുകളിലും തെക്കൻ കേരളത്തിലെ ചെന്തുരുണി, പേപ്പാറ, നെയ്യാർ വന്യജീവിസങ്കേതങ്ങളിലുമാണ് കൂടുതലായി കാണാറുള്ളത്. പീച്ചി-വാഴാനി, ചിമ്മിണീ , വാഴച്ചാൽ വനാന്തരങ്ങളിലും നാട്ടുമയൂരിയെ കാണാറുണ്ട്.

തേൻ നുകരുവാൻ ഏറെയിഷ്ടമുള്ള ചിത്രശലഭമാണ് നാട്ടുമയൂരി. അരിപ്പൂച്ചെടി, കമ്മ്യൂണിസ്റ്റ്പച്ച എന്നിവയുടെ പൂക്കാലത്തു തേൻ കുടിക്കുവാനെത്തുന്ന നാട്ടുമയൂരിയെ ധാരാളമായി കാണാം. വളരെ വേഗത്തിൽ തുരു തുരെ ചിറകടിച്ചു വായുവിൽ പറന്നുനിന്നാണ് ഇവ തേൻ നുകരുക. ചിരവപൂവിലും ഇവ തേൻ കുടിക്കുവാനെത്താറുണ്ട്. വേനൽക്കാലങ്ങളിൽ നാട്ടുമയൂരി കൂട്ടത്തോടെ കാട്ടുപുഴയോരങ്ങളിലെ നനഞ്ഞ മണൽപ്പരപ്പിൽ ഈർപ്പം വലിച്ചെടുക്കുവാൻ ഒത്തു കൂടാറുണ്ട്. നാട്ടുമയൂരി വനാന്തരങ്ങളുടെ പച്ചപ്പിലൂടെ പറന്നു പോകുമ്പോൾ മയിൽവർണത്തിന്‍റെ ഒരു തിളക്കം മിന്നായം പോലെ മായുന്നത് കാണാം.

നാട്ടുമയൂരി വരിമരത്തിന്‍റെ തളിരലകളിലാണ് മുട്ടയിട്ടു രൂപാന്തരണം നടത്തുന്നത്. ഉരുണ്ട ഇളംപാൽ പച്ചനിറമുള്ള മുട്ട ഒറ്റയ്ക്കൊറ്റക്കാണ് ഇടുന്നത്. മുട്ട വിരിഞ്ഞു പുറത്തു വരുന്ന ശലഭപ്പുഴുവിന് വളർച്ചയുടെ ആദ്യ ഘട്ടത്തിൽ പാൽപച്ച നിറമായിരിക്കും. പിന്നീട് തത്തപ്പച്ച നിറമാകും. വശങ്ങളിൽ നേർത്ത വെള്ള വര കാണാം. തലയ്ക്കു പുറകിൽ മുതുകിനു കുറുകെ ഒരു വെള്ള വരയുണ്ട്. പ്യൂപ്പയ്ക്ക് കിളിപ്പച്ച നിറമാണ്. സമാധികാലം 25 -30 ദിവസങ്ങളായിരിക്കും.

സി.സുശാന്ത്.

Tags: Common Banded Peacock, Papilio crino, Swallowtail, കിളിവാലൻ, ചിത്രശലഭം, നാട്ടുമയൂരി

Related Stories

സുവര്‍ണ്ണശലഭം

തികച്ചും വനവാസിയാണ് സുവർണ്ണശലഭം. 2500 മീറ്ററിന് താഴെയുള്ള ആർദ്ര ഇലപൊഴിയും വനങ്ങളിലും, നിത്യഹരിത വനങ്ങളിലും, അർദ്ധ നിത്യഹരിത വനങ്ങളിലും സാധാരണയായി കാണുന്നു.

പൂങ്കണ്ണി

ഇലപൊഴിയും കാടുകളിലും മുളങ്കാടുകളിലും കണ്ടുവരുന്ന ഒരു സാധാരണ ശലഭമാണ് പൂങ്കണ്ണി (Gladeye Bushbrown, Mycalesis patnia). ഇവയുടെ ചിറകളവ് 40-45 മില്ലീമീറ്ററാണ്. മുന്‍പിന്‍ ചിറകുകളുടെ ഉപരിഭാഗം തവിട്ടുനിറമാണ്. മുന്‍ചിറകിന്‍റെ അടിഭാഗത്ത് ചിറകരികിലായി ഒരു വലിയ വെളുത്ത പൊട്ടുകാണാം.

തെളിനീലക്കടുവ

കാടുകളിലും നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും കാണപ്പെടുന്ന രോമക്കാലുള്ള ശലഭ കുടുംബത്തിലെ (Nymphalidae) ഒരു സാധാരണ ചിത്രശലഭമാണ് തെളിനീലക്കടുവ (Glassy Tiger - Parantica aglea) ഇവയുടെ ചിറകളവ് 70-75 മില്ലിമീറ്ററാണ്. ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നീ രാജ്യങ്ങളില്‍ ഇവയെ കണ്ടുവരുന്നു. നല്ല മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ ഇവ ദേശാന്തരഗമനം (Migration) നടത്തുന്നു. 2,100 മീറ്റര്‍ ഉയരമുള്ള കാടുകളില്‍ പോലും ഇവയെ കാണാന്‍ കഴിയും.

Koodu Magazine
Nanma Maram
Contact

E-Mail:koodumasika@gmail.com


Sitemap
  • About
  • Editorial
  • Cover Story
  • Columns
  • Featured Stories
  • Gallery
  • News
  • Testimonials
  • E-Magazine
  • Feedback

Columns
  • സസ്യജാലകം (3)
  • ശലഭചിത്രങ്ങൾ (15)
  • ഉരഗങ്ങൾ (2)
  • ചിറകടികൾ (3)
  • ഉഭയജീവികൾ (3)
  • സസ്തനികൾ (6)
  • ജൈവവിസ്മയം (3)
  • മത്സ്യലോകം (2)
  • വൈദ്യശാല (1)
  • യാത്രക്കാരൻ (6)
  • തുമ്പികൾ (5)

Most Read
  • മനുഷ്യനും പ്രകൃതിയും തമ്മിൽ
  • കടുവ
  • പുള്ളിവെരുക്/പൂവെരുക്
  • വിദ്യാലയത്തിലൊരു ശലഭോദ്യാനം
  • പശ്ചിമഘട്ടം – ജീവന്റെ സ്വരലയം
  • നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
  • പ്രകൃതി സ്നേഹത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ
  • ഗരുഡശലഭം
  • ചോലനായ്ക്ക ഭാഷയിലെ പക്ഷിനാമങ്ങളും തദ്ദേശീയ ജ്ഞാനവും
  • ഇഴയുന്ന മിത്രങ്ങൾ
© 2025 Copyright Koodu Nature Magazine