
പൊതുവെ വരണ്ട പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് പീതനീലി (Yellow pansy, Junonia hierta) കാടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം ഇവയെ കണ്ടു വരുന്നു. നല്ല സൂര്യപ്രകാശം പതിക്കുന്ന കാട്ടുപാതകളിലും തരിശായ കൃഷിസ്ഥലങ്ങളിലുമെല്ലാം ഇവയെ കാണാന്‍ സാധിക്കും. ഇന്ത്യയിലും ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മ്യാന്‍മാര്‍, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലും ഇവയെ കാണാം. ഇവയുടെ ചിറകളവ് 45-55 മില്ലിമീറ്ററാണ്.
ആണ്‍-പെണ്‍ ശലഭങ്ങള്‍ക്ക് നിറത്തിലും വലിപ്പത്തിലും നേരിയ വ്യത്യാസമുണ്ട്. പെണ്‍ ശലഭങ്ങള്‍ ആണ്‍ ശലഭങ്ങളേക്കാള്‍ വലിപ്പമേറിയതാണ്. ചിറകിന്‍റെ ഉപരിഭാഗത്ത് നീല അടയാളം ഇവയ്ക്ക് ഉണ്ടായിരിക്കുകയില്ല. പെണ്‍ശലഭങ്ങള്‍ക്ക് മങ്ങിയ നിറമായിരിക്കും. പീതനീലി ശലഭങ്ങളുടെ ചിറകുകളുടെ ഉപരിഭാഗം ഭൂരിഭാഗവും മഞ്ഞനിറമാണ്. മുന്‍-പിന്‍ ചിറകുകളുടെ അരികുകളില്‍ കറുത്ത കരയുണ്ടായിരിക്കും. മുന്‍ചിറകിന്‍റെ അറ്റത്ത് കറുപ്പില്‍ വെള്ള അടയാളങ്ങള്‍ കാണാം. പ്രാദേശികമായി അടയാളങ്ങളുടെ ആകൃതിയില്‍ നേരിയ വ്യത്യാസം നിരീക്ഷിച്ചിട്ടുണ്ട്. ഉദരത്തിന്‍റെയും ഉരസ്സിന്‍റെയും ഉപരിഭാഗം കറുപ്പും ഇരുണ്ട തവിട്ടുനിറവുമാണ്. ചിറകുകളുടെ അടിഭാഗത്ത് ഉപരിഭാഗത്തെ നിറങ്ങളില്‍ നിന്നും വിഭിന്നമായ നിറങ്ങളാണ്. ഇളംമഞ്ഞ നിറത്തില്‍ ഇളം തവിട്ടുനിറത്തിലുള്ള പൊട്ടുകളും വരകളും അടയാളങ്ങളും കാണപ്പെടുന്നു. കറുത്ത പൊട്ടുകളും കാണാം.
പീതനീലി ശലഭങ്ങള്‍ ചിറകു വിടര്‍ത്തി വെയില്‍ കായാറുണ്ട്. വെയില്‍ മൂത്ത് അന്തരീക്ഷം നല്ല ചൂടായിക്കഴിഞ്ഞാല്‍ ചിറകടച്ചിരിക്കുന്നു. തന്‍റെ അധീനപ്രദേശങ്ങളിലേക്ക് കടന്നു വരുന്ന ചിത്രശലഭങ്ങള്‍, തുമ്പികള്‍, മറ്റു പ്രാണികള്‍ എന്നിവയെ വിരട്ടിയോടിക്കാറുണ്ട്. പൂക്കളില്‍ നിന്ന് തേന്‍ നുകരാന്‍ ഇഷ്ടപ്പെടുന്ന ശലഭങ്ങളാണിവ. കാട്ടിലും നാട്ടിന്‍ പുറങ്ങളിലുമൊക്കെ കാണപ്പെടുന്ന കനകാംബരം, ചിരവനാക്കി, കൊങ്ങിണിപ്പൂവ് മുതലായ പൂക്കളില്‍ ഇവ തേന്‍ നുകരാനെത്തുന്നു. തറയില്‍ നിന്നും വളരെ ഉയരത്തില്‍ ഇവ പറക്കാറില്ല. നീലനീലി (Blue pansy), പുള്ളിക്കുറുമ്പന്‍ (Lemon pansy), മയില്‍ക്കണ്ണി (Peacock pansy), വയല്‍ക്കോത (Grey pansy), ചോക്കലേറ്റ് ശലഭം (Chocolate pansy) എന്നിവയാണ് മറ്റ് പാന്‍സി ശലഭങ്ങള്‍. ഇവയുടെ നിറം, സ്വഭാവം, ആവാസസ്ഥലം എന്നിവയില്‍ വൈവിധ്യമുണ്ട്.
പീതനീലിയുടെ മുട്ടയ്ക്ക് പച്ച കലര്‍ന്ന വെള്ളനിറമാണ്. സാധാരണയായി ഇലയുടെ അടിഭാഗത്താണ് മുട്ടയിടുന്നത്. മുട്ടവിരിഞ്ഞ് പുറത്തുവരുന്ന എഗ് ലാര്‍വക്ക് സുതാര്യമായ വെള്ളനിറമാണ്. തലയ്ക്ക് കറുപ്പു നിറമായിരിക്കും. പൂര്‍ണ്ണവളര്‍ച്ചയെത്തിയ ശലഭപ്പുഴുവിന് ഇരുണ്ട തവിട്ടു നിറമായിരിക്കും. ശരീരത്തില്‍ ശാഖകളോടുകൂടിയ ധാരാളം കറുത്ത മുള്ളുകള്‍ എഴുന്നു നില്‍ക്കുന്നു. തലയ്ക്കുചുറ്റും മഞ്ഞ നിറത്തിലുള്ള ഒരു പട്ട കാണാം. തലയില്‍ വെള്ള പൊട്ടുകളും അടയാളങ്ങളും കാണാം. ലാര്‍വ ആഹാരച്ചെടിയിലോ അടുത്തുള്ള മറ്റു ചെടികളിലോ പോയി സമാധിയാകുന്നു. പ്യൂപ്പക്ക് ഇരുണ്ട തവിട്ടുനിറമാണ്. മുള്ളുകളും മുഴകളും പോലുള്ള ഭാഗങ്ങള്‍ കാണാം. പൂവ് കണ്ണിമാങ്ങ ഞെട്ടില്‍ തൂങ്ങിക്കിടക്കുന്നതുപോലെ തൂങ്ങിക്കിടക്കുന്നു. വയല്‍ച്ചുള്ളി, പാര്‍വ്വതിച്ചെടി മുതലായ ചെടികളില്‍ പെണ്‍ശലഭങ്ങള്‍ മുട്ടയിടുന്നു.