കിളിവാലന്‍ ശലഭങ്ങളില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന ഒരു മനോഹര ശലഭമാണ് നാരകശലഭം (Lime Butterfly, Papilio demoleus). പിന്ചിറകില് വാലില്ലാത്ത ഒരു കിളിവാലന്‍ ശലഭമാണിത്. വ്യത്യസ്ത ആവാസ വ്യവസ്ഥകളില്‍ വര്‍ഷം മുഴുവനും ഇവയെ കാണാന്‍ സാധിക്കും. പുല്‍മേടുകള്‍, വരണ്ടപ്രദേശങ്ങള്‍, പൂന്തോട്ടങ്ങള്‍, അര്‍ധ നിത്യഹരിത വനങ്ങള്‍, നിത്യഹരിത വനങ്ങള്‍ തുടങ്ങിയ വ്യത്യസ്ത ആവാസവ്യവസ്ഥകളില്‍ ഈ ശലഭത്തെ കാണാന്‍കഴിയും. സമുദ്രനിരപ്പില്‍നിന്നും 2,130 മീറ്റര്‍ ഉയരത്തില്‍വരെ ഇവയെ നിരീക്ഷിച്ചിട്ടുണ്ട്. ഇന്ത്യയിലും പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്, ബംഗ്ലാദേശ്, മ്യാന്മാര് എന്നീ രാജ്യങ്ങളിലും നാരകശലഭങ്ങളെ കാണാം. ആണ്-പെണ് നിറവ്യത്യാസമില്ലാത്ത ഈ ശലഭങ്ങളെ മഴക്കാലത്തും മഴ കഴിഞ്ഞുള്ള മാസങ്ങളിലുമാണ് ഏറ്റവും കൂടുതലായി കാണാന്‍ കഴിയുന്നത്. അരുവിയോരങ്ങളിലും നനവാര്‍ന്ന മണ്ണിലും ഇവ കൂട്ടം കൂടിയിരുന്ന്
ചെളിയൂറ്റല്‍ (Mud puddling) നടത്താറുണ്ട്. രാവിലെ മന്ദഗതിയില്‍ പറക്കുന്ന ഇവ വെയിലിന് ചൂട് കൂടുമ്പോള്‍ വേഗത്തില്‍ പറക്കുന്നു.
നാരകശലഭത്തിന്റെ ചിറകുകള്‍ക്ക് കറുത്ത നിറമാണ്. ചിലപ്പോള്‍ ഇരുണ്ട തവിട്ടുനിറത്തിലും കാണാറുണ്ട്. ചിറകിന്റെ ഉപരിഭാഗത്ത് മഞ്ഞ നിറത്തിലുള്ള പല ആകൃതിയിലുള്ള അടയാളങ്ങള്‍ കാണാം. പിന്ചിറകില് ഓരോന്നിലും ചുവപ്പ് നിറത്തിലുള്ള ഓരോ പൊട്ടുണ്ട്. ഈ പൊട്ടിന്റെ മുന്‍ഭാഗത്ത് ചന്ദ്രക്കല
പോലുള്ള തിളങ്ങുന്ന നീലനിറത്തിലുള്ള ഒരു അടയാളം കാണാം. ഇത് അടുത്തുപോയി നിരീക്ഷിച്ചെങ്കില്‍ മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. ചിറകുകളുടെ അടിഭാഗത്ത് ഇളം മഞ്ഞ നിറത്തിലുള്ള പല ആകൃതിയിലും വലുപ്പത്തിലുമുള്ള അടയാളങ്ങളാണ് കൂടുതലായി കാണപ്പെടുന്നത്. മഞ്ഞ, നീല എന്നീ നിറങ്ങളിലുള്ള അടയാളങ്ങളും കാണാം. ശരീരം ഇളം മഞ്ഞ നിറത്തിലുള്ളതാണ്. അതില്‍ നെടുകെ കറുത്ത വരകള്‍ കാണാം.
നാരക വര്‍ഗ്ഗത്തില്‍പ്പെട്ട ചെടികളാണ് നാരകശലഭത്തിന്റെ ലാര്‍വയുടെ പ്രധാന ആഹാര സസ്യം. പാഞ്ചി (പാണല്‍), കറിവേപ്പ്, കൂവളം തുടങ്ങിയ ചെടികളിലും പെണ്ശലഭങ്ങള് മുട്ടയിടാറുണ്ട്. നാരക ശലഭത്തിന്റെ ലാര്‍വകള്‍ക്ക് ആദ്യ ദിനങ്ങളില്‍ പക്ഷിക്കാഷ്ഠത്തോട് സാദൃശ്യമുണ്ടായിരിക്കും. വളര്‍ച്ചയുടെ അടുത്ത ഘട്ടത്തില്‍ ഇലപ്പച്ച നിറമായിത്തീരുന്നു. ഇവയുടെ തലയില്‍ ഇരുവശങ്ങളിലായി നീല കലര്‍ന്ന ഇരുണ്ട നിറത്തിലുള്ള രണ്ട് കണ്പൊട്ടുകളുണ്ട്. ഇവയെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട്മഞ്ഞ നിറത്തിലുള്ള അടയാളങ്ങളുണ്ട്. പ്യൂപ്പയുടെ നിറം പച്ചയാണ്.
Tags: Lime Butterfly, Papilio demoleus, ചിത്രശലഭം, നാരകശലഭം, ശലഭം