കേരളത്തിൽ കാണുന്ന തവളകളിൽ ഏറ്റവും കൂടുതലിനം കാണുന്നത് Rhacophoridae എന്ന മരത്തവള കുടുംബത്തിലാണ്. ബെഡൊമിക്ക്സാലസ് (Beddomixalus), ഗാട്ടിക്ക്സാലസ് (Ghatixalus) മെർക്കുറാണ (Mercurana), പോളിപ്പിഡേറ്റസ് (Polypedates), സ്യൂഡോഫില്ലോട്ടസ് (Pseudophilautus), റാവോർചെസ്റ്റസ് (Raorchestes), റാക്കോഫോറസ് (Rhacophorus) എന്നു തുടങ്ങി ഏഴോളം ജനുസ്സുകളിലായി അമ്പതിലധികം തവളകൾ മരത്തവള കുടുംബത്തിൽ ഉണ്ട്. ഇവയിൽ വാല്‍മാക്രികൾ ഇല്ലാതെ മുട്ട വിരിഞ്ഞു വരുന്ന തവളക്കുഞ്ഞുങ്ങളായ (Direct Developing) സ്യൂഡോഫില്ലോട്ടസ് (Pseudophilautus), റാവോർചെസ്റ്റസ് (Raorchestes) എന്നീ ജനുസ്സിലെ ഇലത്തവളകൾ ആണ് കൂടുതലും. മരത്തവള കുടുംബത്തിൽ ലോകത്തിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന ഒരു ജനുസ്സാണ് ഗാട്ടിക്ക്സാലസ് (Ghatixalus). നാളിതു വരെ മൂന്നു സ്പീഷീസുകൾ ആണ് ഈ ജനുസ്സിൽ കണ്ടെത്തിയിട്ടുള്ളത്. കേരളത്തിലെയും തമിഴ് നാട്ടിലെയും ഉയരം കൂടിയ വനപ്രദേശങ്ങളിലാണ് ഇവയെ കണ്ടു വരുന്നത്. കാട്ടരുവികളോടു ചേർന്നു ജീവിക്കുന്ന ഇവ മുട്ടകളിടുന്നത് അരുവികളിൽ തന്നെയുള്ള, പാറകളിൽ ഒട്ടിച്ചു വയ്ക്കുന്ന ഇവ തന്നെ ഉണ്ടാക്കുന്ന പതയിലാണ്(Foam nest). മുട്ട വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങള്‍ തുള്ളി തുള്ളി പത ഉള്ള കൂട്ടിൽ നിന്നു താഴെ അരുവിയിലേക്ക് ചാടി നിശ്ചിത കാലം വെള്ളത്തിൽ ജീവിച്ചു രൂപാന്തരണം പ്രാപിച്ചു തവളക്കുഞ്ഞുങ്ങൾ ആയി കരയ്ക്ക് കയറും.
ഗാട്ടിക്ക്സാലസ് (Ghatixalus) ജനുസ്സിൽ, ഗാട്ടിക്ക്സാലസ് ആസറ്ററോപ്സ് (Ghatixalus asterops ) എന്നു ശാസ്ത്രീയ നാമമുള്ള നക്ഷത്ര കണ്ണുള്ള ചോല മരത്തവള, നീലഗിരി മലനിരകളിൽ മാത്രം കാണുന്ന ഗാട്ടിക്ക്സാലസ് വേരിയബിലിസ് (Ghatixalus variabilis ) എന്ന പച്ച ചോല മരത്തവള . കൂടാതെ ഇവയിൽ തന്നെ ഏറ്റവും വലിയ ഇനമായ ഗാട്ടിക്ക്സാലസ് മാഗ്നസ് (Ghatixalus magnus ) എന്ന വലിയ ചോല മരത്തവള എന്നിങ്ങനെ മൂന്നിനങ്ങൾ ആണ് ഉള്ളത്. ഇത്തവണ ഇതിലെ ചോല മരത്തവളയെ പരിചയപ്പെടാം
നക്ഷത്രം എന്നർഥം വരുന്ന ആസ്റ്റർ , കണ്ണ് എന്നർഥം വരുന്ന ഓപ്പസ് എന്നീ ഗ്രീക്ക് പദങ്ങൾ ചേർന്നാണ് നക്ഷത്ര കണ്ണൻ എന്ന സ്പീഷീസ് നാമം നല്കിയിട്ടുള്ളത്. പേര് പോലെ തന്നെ കറുത്ത കണ്ണിൽ, സ്വർണ നിറത്തിൽ നക്ഷത്രം പോലുള്ള വരകൾ ഇവയെ മറ്റ് രണ്ടു ഇനങ്ങളിൽ നിന്നു എളുപ്പം വേർതിരിച്ചറിയാൻ സാധിക്കുന്ന അടയാളമാണ്. മറ്റ് മരത്തവളകളുടെ പോലെ കൈകാലുകളിലെ വിരലുകളുടെ അഗ്രഭാഗം പരന്ന് ഡിസ്ക് പോലെ ആണെങ്കിലും ഈ ജനുസ്സിൽ ഉള്ളവരുടെ ഡിസ്ക് T അക്ഷരം പോലെയാണ് ഇരിക്കുന്നത്. അത് മരത്തിലും കുറ്റിച്ചെടികളിലും പാറയിലും ഒക്കെ പറ്റിപ്പിടിച്ചു കയറാൻ സഹായിക്കുന്നു. കൂടാതെ പിൻകാലുകളിൽ വിരലുകൾക്കിടയിൽ തമ്മിൽ ബന്ധിപ്പിക്കുന്ന തൊലിയും ഉണ്ട് (വെബ്ബിങ്). ഒരു പരിധി വരെ മരത്തിലും മറ്റും കയറാനും വെള്ളത്തിൽ നീന്തുവാനും നമ്മളവയുടെ അടുത്തേക്ക് പോകുമ്പോൾ , ശത്രുക്കൾ വരുമ്പോൾ എല്ലാം അരുവികൾക്കരികിൽ നിന്നു വെള്ളത്തിലേക്ക് എടുത്തു ചാടി മറയുന്നതിനുമെല്ലാം സഹായിക്കുന്നു.
ശരീരത്തിന് മുകൾ വശം മുഖ്യമായും ഇളം തവിട്ടു നിറമോ അല്ലെങ്കില്‍ ചാര നിറമോ ആണ്. അതില്‍ തവിട്ടു നിറത്തിലുള്ള അടയാളങ്ങൾ ഉണ്ട്. കണ്ണിനു താഴെയായി മേൽ ചുണ്ട് വരെയും ശരീരത്തിന് അടിവശത്തേക്കും, മുകള്‍ വശത്തു നിന്നു വ്യത്യസ്ഥമായി ചാര നിറമോ, ഇളം പച്ച നിറമോ കാണാം. വശങ്ങളിലേക്ക് മങ്ങി വരുന്ന തവിട്ടു നിറത്തിൽ ധാരാളം മഞ്ഞ അടയാളങ്ങൾ ഉണ്ട്. അത് തുടയിലേക്കും തുടയുടെ പുറകു വശത്തേക്കും നീളുന്നതായി കാണുവാന്‍ സാധിക്കും. ചിലപ്പോഴൊക്കെ ശരീരം മുഴുവന്‍ ചെറിയ മഞ്ഞപ്പൊട്ടുകളും ഉണ്ടാകാറുണ്ട്. കൈകാലുകളിൽ വിരലുകൾ വരെ തവിട്ടു നിറത്തിൽ ഉള്ള പട്ടകൾ ഉണ്ട്. കുഞ്ഞുങ്ങളും വളര്‍ന്നു വരുന്നവയും കൂടുതലും പച്ച നിറത്തിൽ തവിട്ടു അടയാളങ്ങളോടെയാണ് കണ്ടു വരുന്നത്. ആനമല നിരകളിലും പെരിയാർ, മേഘമല നിരകളിലും ആയിരത്തി അഞ്ഞൂറു മീറ്ററിന് മുകളിലുള്ള വനപ്രദേശങ്ങളിൽ കണ്ടു വരുന്ന ഇവയുടെ കരച്ചിലും വളരെ രസകരമാണ്. പാതിരാത്രി തോട്ടിൽ ഇതേതു പക്ഷിയാണ് കരയുന്നതെന്നു തെറ്റിദ്ധരിപ്പിക്കും വിധം ചോലക്കുടുവൻ എന്ന Scimitar Babbler പക്ഷിയുടെ പോലെയാണ് ഇവയുടെ കരച്ചിൽ. മേല്‍പ്പറഞ്ഞ ഉയരം കൂടിയ മലനിരകളിൽ ഉള്ള വളരെ ചുരുങ്ങിയ സ്ഥലങ്ങളിലാണ് ഇവ ജീവിക്കുന്നത് എന്നത് ഇവയെ സാരമായി ബാധിക്കുന്ന ഒന്നാണ്. അരുവികളിൽ തന്നെ മുട്ടയിടുന്ന ഇവ നേരിടുന്ന ഭീഷണി ആവാസവ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങൾ തന്നെയാണ്.
Ghat Tree Frog
(Star-eyed Tree Frog)
Ghatixalus asterops
ചോല മരത്തവള