കേരളത്തിലെ താഴ്ന്ന വിതാനങ്ങളിലെ ഇലപൊഴിയും കാടുകളിൽ കാണുന്ന ചിത്രശലഭമാണ് നാട്ടുമയൂരി (Common Banded Peacock -Papilio crino ). കിളിവാലൻ (Swallowtail ) ചിത്രശലഭ കുടുംബത്തിലെ കാണാനഴകുള്ള ചിത്രശലഭമാണ് നാട്ടു മയൂരി. ചിറകളവ് എണ്‍പത്-നൂറ് മില്ലിമീറ്റര്‍. പുറം ചിറകുകൾക്ക് കറുപ്പിൽ ഇരുണ്ട മരതകപ്പച്ച കലർന്ന ഒളിമിന്നുന്ന മയിൽ വർണ്ണമാണ്. സൂര്യപ്രകാശമേൽക്കുമ്പോൾ ചിറകുകളിൽ മരതകപ്പച്ച മിനുക്കു പൊടി വാരിയെറിഞ്ഞതു പോലെയുള്ള തിളക്കമാണ്. ഇരുചിറകുകളിലും നീല കലർന്ന പട്ടയുണ്ട്. മുൻചിറകിലെ പട്ടക്കു വീതി കുറവാണ്.പിൻചിറകിലെ പട്ടക്കു കൂടുതൽ വീതിയും നീലനിറവുമേറും. കിളിവാലുകളുടെ തുഞ്ചത്ത് തിളങ്ങുന്ന നീലപ്പൊട്ടുകളുണ്ട്.
ചിറകടയ്ക്കുമ്പോൾ നാട്ടുമയൂരിക്ക് ഈ വർണ്ണ ശോഭയൊന്നുമില്ല. കറുപ്പു നിറത്തിൽ വെള്ള പൊടിയണിഞ്ഞതു പോലെ നിറമുണ്ട്. പിൻചിറകുകളുടെ അരികുകളിൽ ചന്ദ്രക്കലയുടെ ആകൃതിയിൽ അടയാളങ്ങളുണ്ട്. പിൻചിറകുകളുടെ കീഴറ്റത്തു ചുവപ്പു വലയമണിഞ്ഞ കറുത്ത പുള്ളിക്കുത്തുകളും.
വരണ്ടകാടുകളോട് ഏറെതാല്പര്യമുള്ള ചിത്രശലഭമാണ് നാട്ടുമയൂരി. ഇവയെ ചിന്നാർ, വയനാട്, തട്ടേക്കാട് വന്യജീവി സങ്കേതങ്ങളിലും പാലക്കാടിലെ വരണ്ട കാടുകളിലും തെക്കൻ കേരളത്തിലെ ചെന്തുരുണി, പേപ്പാറ, നെയ്യാർ വന്യജീവിസങ്കേതങ്ങളിലുമാണ് കൂടുതലായി കാണാറുള്ളത്. പീച്ചി-വാഴാനി, ചിമ്മിണീ , വാഴച്ചാൽ വനാന്തരങ്ങളിലും നാട്ടുമയൂരിയെ കാണാറുണ്ട്.
തേൻ നുകരുവാൻ ഏറെയിഷ്ടമുള്ള ചിത്രശലഭമാണ് നാട്ടുമയൂരി. അരിപ്പൂച്ചെടി, കമ്മ്യൂണിസ്റ്റ്പച്ച എന്നിവയുടെ പൂക്കാലത്തു തേൻ കുടിക്കുവാനെത്തുന്ന നാട്ടുമയൂരിയെ ധാരാളമായി കാണാം. വളരെ വേഗത്തിൽ തുരു തുരെ ചിറകടിച്ചു വായുവിൽ പറന്നുനിന്നാണ് ഇവ തേൻ നുകരുക. ചിരവപൂവിലും ഇവ തേൻ കുടിക്കുവാനെത്താറുണ്ട്. വേനൽക്കാലങ്ങളിൽ നാട്ടുമയൂരി കൂട്ടത്തോടെ കാട്ടുപുഴയോരങ്ങളിലെ നനഞ്ഞ മണൽപ്പരപ്പിൽ ഈർപ്പം വലിച്ചെടുക്കുവാൻ ഒത്തു കൂടാറുണ്ട്. നാട്ടുമയൂരി വനാന്തരങ്ങളുടെ പച്ചപ്പിലൂടെ പറന്നു പോകുമ്പോൾ മയിൽവർണത്തിന്റെ ഒരു തിളക്കം മിന്നായം പോലെ മായുന്നത് കാണാം.
നാട്ടുമയൂരി വരിമരത്തിന്റെ തളിരലകളിലാണ് മുട്ടയിട്ടു രൂപാന്തരണം നടത്തുന്നത്. ഉരുണ്ട ഇളംപാൽ പച്ചനിറമുള്ള മുട്ട ഒറ്റയ്ക്കൊറ്റക്കാണ് ഇടുന്നത്. മുട്ട വിരിഞ്ഞു പുറത്തു വരുന്ന ശലഭപ്പുഴുവിന് വളർച്ചയുടെ ആദ്യ ഘട്ടത്തിൽ പാൽപച്ച നിറമായിരിക്കും. പിന്നീട് തത്തപ്പച്ച നിറമാകും. വശങ്ങളിൽ നേർത്ത വെള്ള വര കാണാം. തലയ്ക്കു പുറകിൽ മുതുകിനു കുറുകെ ഒരു വെള്ള വരയുണ്ട്. പ്യൂപ്പയ്ക്ക് കിളിപ്പച്ച നിറമാണ്. സമാധികാലം 25 -30 ദിവസങ്ങളായിരിക്കും.
സി.സുശാന്ത്.