• About
  • Editorial
  • Cover Story
  • Columns
    • ജൈവവിസ്മയം
    • ഉഭയജീവികൾ
    • യാത്രക്കാരൻ
    • ഉരഗങ്ങൾ
    • സസ്തനികൾ
    • ചിറകടികൾ
    • ശലഭചിത്രങ്ങൾ
    • മത്സ്യലോകം
    • സസ്യജാലകം
  • Featured Stories
  • Gallery
  • News
  • E-Magazine
  • Search
ഉഭയജീവികൾ
June 2017

Home » Columns » ഉഭയജീവികൾ » പാതാളത്തവള

പാതാളത്തവള

സന്ദീപ് ദാസ്
Purple Frog by Sandeep Das

മഴയുടെ തുടക്കമായതുകൊണ്ടും പശ്ചിമഘട്ടത്തിലെ ഉഭയജീവികളില്‍ വളരെയേറെ പ്രത്യേകതയുള്ളതും ഒരു പക്ഷേ, ലോകത്തിലെ ഉഭയജീവി ഭൂപടത്തില്‍ ഇന്ത്യക്ക് വലിയ പ്രാധാന്യം നേടിത്തന്ന ഉഭയജീവി എന്ന നിലയ്ക്ക് അവയുടെ പ്രജനന സമയവും പ്രാധാന്യവും കണക്കിലെടുത്ത് ഒരിക്കല്‍കൂടി പാതാളത്തവളയെ (Nasikabatrachus sahyadrensis) കുറിച്ച് എഴുതുന്നു. മഴ തുടങ്ങുന്ന സമയത്ത്, കേരളത്തിലെ പശ്ചിമഘട്ടമലനിരകള്‍ ഉള്ള പ്രദേശങ്ങളില്‍ നിന്ന് പലപ്പോഴും പാതാളത്തവള വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. കാടിനെ ആശ്രയിച്ച് അതിനോട് ചേര്‍ന്ന് ജീവിക്കുന്നവര്‍ക്കും കാലാകാലങ്ങളായി ഈ തവളയെ കുറിച്ചറിയാമെങ്കിലും രണ്ടായിരത്തിമൂന്നിലാണ് ആദ്യമായിട്ട് ശാസ്ത്രലോകം അതിനെ തിരിച്ചറിയുന്നത്. ജനിതകപഠനത്തിലൂടെയാണ്. ഏകദേശം നൂറ്റിനാല്‍പ്പത് വര്‍ഷം മുന്നേ ഇവ പരിണമിച്ചുണ്ടായി എന്നും ഇന്ത്യയിലെ തവളകളുമായല്ല മറിച്ചു സീഷേല്‍സിലെ (ആഫ്രിക്കയുടെയും ഏഷ്യയുടെയും ഇടയില്‍ ഉള്ള ഒരു ദ്വീപു രാഷ്ട്രം) സൂഗ്ലോസിടെ എന്ന വിഭാഗത്തിലെ തവളകളുമായിട്ടാണ് ബന്ധമുള്ളത് എന്നും ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. എസ്. ഡി. ബിജുവും (S.D. Biju) ബെല്‍ജിയന്‍ ആയ ഫ്രാങ്കി ബോസ്സുയിറ്റും (Franky Bossuyt) കണ്ടെത്തിയത്.

അതിവേഗം ഒഴുകുന്ന കാട്ടരുവികളിലെ പാറപ്പുറത്ത് പറ്റിപ്പിടിച്ചിരിക്കാന്‍ കഴിവുള്ള, അക്വേറിയങ്ങളില്‍ കാണുന്ന സക്കര്‍ മീനുകളെ പോലെ വായില്‍ സക്കര്‍ ഉള്ള ഇവയുടെ വാല്‍മാക്രികളെ രണ്ടായിരത്തിനാലില്‍ ഡോ. സുഷീല്‍ ദത്തയും സംഘവും കണ്ടുപിടിച്ചതോടെ നൂറു വര്‍ഷം മുന്നേ അന്നന്‍ഡെയ്ല്‍ (Annandale) എന്ന വിദേശി ശാസ്ത്രജ്ഞനും സി.എന്‍.ആര്‍. റാവു (C.N.R. Rao) എന്ന ഇന്ത്യക്കാരനും ഈ തവളയെ കുറിച്ചും ഭൂമിക്കടിയിലുള്ള ഇവയുടെ ജീവിത രീതിയെകുറിച്ചും ഇന്ത്യയിലുള്ള തവളകളില്‍ നിന്നു വ്യതസ്തമാണ് എന്നതിനെകുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട് എന്ന് മനസിലായത്. അതിനു ശേഷം പലരും ഈ തവളയെ പലയിടത്തും കണ്ടിട്ടുണ്ടെങ്കിലും അവയുടെ പ്രജനനവും അതിനെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറത്തു വന്നത് രണ്ടായിരത്തി പന്ത്രണ്ടില്‍ ഡോ. അനില്‍ സക്കറിയയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ്. അതിനു ശേഷം ആശിഷ് തോമസും സംഘവും ഇവയുടെ കരച്ചിലിനെ കുറിച്ചും, വാല്‍മാക്രികളെ കുറിച്ചും പഠിക്കുകയുണ്ടായി. 2012-ല്‍ പ്രസിദ്ധീകരിച്ച അനില്‍ സക്കറിയയുടെയും സംഘത്തിന്‍റെയും പഠനത്തില്‍ പശ്ചിമഘട്ടത്തിന്‍റെ തെക്ക് അഗസ്ത്യമല മലനിരകള്‍ തുടങ്ങി വെള്ളരിമല മലനിരകള്‍ വരെ ഉള്ള പലയിടങ്ങളില്‍ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇന്നും പലയിടങ്ങളില്‍ നിന്ന് ഇവയെ ആദ്യമായി കണ്ടെത്തി എന്ന് വാര്‍ത്തകള്‍ വന്നു കൊണ്ടേയിരിക്കുന്നു. അപൂര്‍വയിനം എന്ന് പറയുമ്പോഴും ഇന്നും അവ എണ്ണത്തില്‍ അപൂര്‍വമാണോ എന്നതിന് വ്യക്തതയില്ലെങ്കിലും മണ്ണിനടിയില്‍ ജീവിക്കുന്ന ഇവ വര്‍ഷത്തിലൊരിക്കല്‍ പ്രജനനത്തിനു മാത്രം പുറത്തു വരുന്നു എന്ന കാരണം കൊണ്ട് കാഴ്ചക്ക് അപൂര്‍വമാണ് എന്ന് നിസ്സംശയം പറയാം.

മുകളില്‍ സൂചിപ്പിച്ച പോലെ പലപ്പോഴും ശാസ്ത്രലോകം അറിയുന്നതിനും എത്രയോ മുന്‍പേ കാടിനോടും പ്രകൃതിയോടും അടുത്ത് ജീവിക്കുന്നവര്‍ ഇവയെ പോലുള്ള ജീവികളെ കണ്ടിട്ടുണ്ട്. നിലമ്പൂരിലെ സജിത്ത് മാഷ് കണ്ടതും, കോയമ്പത്തൂരിലെ പ്രശസ്ത പക്ഷി നിരീക്ഷകനും കേരളത്തിലെ തവളകളെ കുറിച്ച് പുസ്തകം എഴുതുകയും ചെയ്ത ശ്രീ ശിവപ്രസാദ് കണ്ടതും, കൃഷിക്കും റോഡു പണിക്കും ഒക്കെ ആയി കുഴി എടുക്കുമ്പോള്‍ ഇടുക്കിയിലും പീച്ചിയിലും കരുവാരക്കുണ്ടിലും മറ്റ് ഇടങ്ങളിലും കണ്ടതുമൊക്കെ ചുരുക്കം ചില ഉദാഹരണങ്ങള്‍ മാത്രം.

Purple Frog Tadpoles by Sandeep Das

ഇന്ന് കാണുന്ന രൂപത്തിലേക്ക് പരിണമിക്കും മുന്നേ ഇവയുടെ പൂര്‍വികര്‍ എഴുപതു ദശലക്ഷം വര്‍ഷങ്ങളോളം ദിനോസറുകളുടെ കൂടെ ഈ ലോകത്ത് ജീവിച്ചിരുന്നു എന്ന് പഠനങ്ങള്‍ പറയുന്നു. പശ്ചിമഘട്ടത്തിനും നമ്മുടെ കാലവര്‍ഷത്തിനുമനുസരിച്ച് പരിണമിച്ച ഇവ മഴക്കാലത്ത് കുത്തിയൊലിച്ചൊഴുകുകയും വേനലില്‍ വറ്റിപ്പോാകുകയും ചെയ്യുന്ന നീര്‍ച്ചാലുകളിലാണ് പ്രജനനം നടത്തുന്നത്. വര്‍ഷം മുഴുവനും മണ്ണിനടിയില്‍ ജീവിക്കുന്ന പാതാളത്തവള ആദ്യത്തെ മഴ പെയ്യുന്നതോടെ മണ്ണിനടിയില്‍ തുരംഗങ്ങളില്‍ കൂടി ഭൂമിയുടെ ഉപരിതലത്തില്‍ വരുന്നു. ശരീരം നിറയെ മുട്ടകള്‍ (നാലായിരത്തോളം) ഉള്ള പെണ്‍ തവള വരുന്നത് വരെ മണ്ണിനു പുറത്തു വരാതെ തുരംഗങ്ങളില്‍ ഇരുന്നു കൊണ്ട് തന്നെ ആണ്‍ തവളകള്‍ ‘കൊറ ക്കൊക്ക് കൊറ ക്കൊക്ക്’ എന്ന് കരയുന്നു. പെണ്‍ തവളകളെ ആകര്‍ഷിക്കാനും അവയുടെ അധീനപ്രദേശപരിധിയില്‍ മറ്റു തവളകള്‍ വരാതിരിക്കാനും വേണ്ടിയിട്ടാണ് ആണ്‍ തവളകള്‍ കരയുന്നത്. പെണ്‍ തവളകളുടെ ശരീരത്തിന്‍റെ മൂന്നിലൊന്നു മാത്രമേ സാധാരണ ആണ്‍ തവളകള്‍ക്ക് വലിപ്പമുണ്ടാകൂ. പെണ്‍ തവളകളുടെ പുറത്തു പറ്റിപ്പിടിച്ചിരിക്കുന്ന പോലെ തോന്നിക്കുന്ന രീതിയില്‍ ഇണ ചേര്‍ന്നതിനു ശേഷം പെണ്‍ തവള ആണിനേയും ചുമന്നു കൊണ്ട് മുട്ടയിടുന്ന നീര്‍ച്ചാലിലേക്ക് അല്ലെങ്കില്‍ തോട്ടിലേക്ക് വരുന്നു. ആദ്യത്തെ മഴയില്‍ ഒഴുകി തുടങ്ങുന്ന നീര്‍ച്ചാലുകളിലെ ചെറിയ പാറക്കെട്ടുകളിലും വെള്ളം കെട്ടിക്കിടക്കുന്ന ചെറിയ പൊത്തുകള്‍ക്കുള്ളിലുമാണ് ഇവ മുട്ടയിടുന്നത്. ഏഴു ദിവസത്തിനുള്ളില്‍ മുട്ടകള്‍ വിരിഞ്ഞു കനത്ത ഒഴുക്കിലും പാറമേല്‍ പറ്റിപ്പിടിച്ചിരിക്കാന്‍ കഴിവുള്ള വാല്‍മാക്രികള്‍ ആയി മാറുന്നു. മഴ കനക്കുന്നത്തോടെ ഇവ ഒഴുക്കിനോടൊപ്പം തോടിന്‍റെ താഴ്ഭാഗങ്ങളിലേക്കും മറ്റും നീങ്ങുന്നു. വാല്‍മാക്രികള്‍ പാറയുടെ മുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പായല്‍ തിന്നുന്നതായി കണ്ടു വരുന്നു.

Related Stories

ചോല മരത്തവള

മരത്തവള കുടുംബത്തിൽ ലോകത്തിൽ പശ്ചിമഘട്ടത്തിൽ  മാത്രം കാണുന്ന ഒരു ജനുസ്സാണ് ഗാട്ടിക്ക്സാലസ് (Ghatixalus). നാളിതു വരെ മൂന്നു സ്പീഷീസുകൾ ആണ് ഈ ജനുസ്സിൽ കണ്ടെത്തിയിട്ടുള്ളത്.

ചെങ്കാലൻ പിലിഗിരിയൻ

ചെങ്കാലൻ പിലിഗിരിയൻ തവള(Micrixalus phyllophillus) by Sandeep Das ആദ്യ ലക്കങ്ങളിൽ നാം പശ്ചിമഘട്ടത്തിലെ വനങ്ങളിലെ അരുവികളിൽ ജീവിക്കുന്ന ...

Koodu Magazine
Nanma Maram
Contact

E-Mail:koodumasika@gmail.com


Sitemap
  • About
  • Editorial
  • Cover Story
  • Columns
  • Featured Stories
  • Gallery
  • News
  • Testimonials
  • E-Magazine
  • Feedback

Columns
  • സസ്യജാലകം (3)
  • ശലഭചിത്രങ്ങൾ (15)
  • ഉരഗങ്ങൾ (2)
  • ചിറകടികൾ (3)
  • ഉഭയജീവികൾ (3)
  • സസ്തനികൾ (6)
  • ജൈവവിസ്മയം (3)
  • മത്സ്യലോകം (2)
  • വൈദ്യശാല (1)
  • യാത്രക്കാരൻ (6)
  • തുമ്പികൾ (5)

Most Read
  • മനുഷ്യനും പ്രകൃതിയും തമ്മിൽ
  • പുള്ളിവെരുക്/പൂവെരുക്
  • കടുവ
  • വിദ്യാലയത്തിലൊരു ശലഭോദ്യാനം
  • പശ്ചിമഘട്ടം – ജീവന്റെ സ്വരലയം
  • നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
  • പ്രകൃതി സ്നേഹത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ
  • ഗരുഡശലഭം
  • ചോലനായ്ക്ക ഭാഷയിലെ പക്ഷിനാമങ്ങളും തദ്ദേശീയ ജ്ഞാനവും
  • ഇഴയുന്ന മിത്രങ്ങൾ
© 2025 Copyright Koodu Nature Magazine