നെൽവയൽ തണ്ണീർത്തട സംരക്ഷണ കൺവെൻഷൻ കോസ്റ്റ്ഫോർഡ് ഹാളിൽ നടന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കർഷകരും സാമൂഹിക രാഷ്ട്രീയ പാരിസ്ഥിതിക രംഗത്തെ പ്രമുഖരുമായി 250ഓളം ആളുകൾ രാവിലെ മുതൽ സജീവമായി കൺവെൻഷനിൽ പങ്കെടുത്തു.
രാവിലെ നടന്ന പരിപാടിയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കർഷകർ നെല്ലു പൊലിച്ച് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മുൻ തൃശ്ശൂർ മേയർ കെ.രാധാകൃഷ്ണൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. എൻ. എ. പി. എം സംസ്ഥാന കൺവീനർ കുസുമം ജോസഫ് ആമുഖ പ്രഭാഷണം നടത്തി. കുട്ടി അഹമ്മദ് കുട്ടി എം.എൽ.എ, പി.ടി. തോമസ് എം.എൽ.എ, ജോൺ പെരുവന്താനം, ടി.വി.രാജൻ, വി.എസ് വിജയൻ എന്നിവർ സംസാരിച്ചു. പരിസ്ഥിതി പ്രവർത്തകനായ മോഹൻദാസ് നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി ബില്ലിന്റെ പ്രധാന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാക്കിയ കൈപ്പുസ്തകം ജോൺ പെരുവന്താനം ടി.വി രാജനു നൽകി പ്രകാശനം ചെയ്തു. നെൽവയൽ നീർത്തട സംരക്ഷണ ബില്ലിന്റെ 10 വർഷങ്ങൾ എന്ന പേരിൽ കേരളീയം മാസിക പുറത്തിറക്കിയ പ്രത്യേക പതിപ്പ് കുട്ടി അഹമ്മദ് കുട്ടി എം എൽ എ കർഷകർക്കു നൽകി പ്രകാശനം ചെയ്തു. തുടർന്ന് ശ്രീജ ആറങ്ങോട്ടുകരയുടെ നേതൃത്വത്തിൽ നെൽവയൽ തണ്ണീർത്തട സംരക്ഷണവുമായി ബന്ധപ്പെട്ട പാഠശാലയുടെ നാടകം “ഇടനിലങ്ങൾ” അരങ്ങേറി.
ഉച്ചക്ക് ശേഷം മുഴുവനാളുകളും 4 ഗ്രൂപ്പുകളായി തിരിഞ്ഞ് നെൽവയൽ തണ്ണീർതട സംരക്ഷണവുമായി ബന്ധപ്പെട്ട് ഓരോ മേഖലയിലും നാം ചെയ്യേണ്ടുന്ന പ്രധാന പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. നിയമപരമായ വിഷയങ്ങൾ, കാർഷിക മേഖലയിലെ ഇടപെടലുകൾ, പഠനങ്ങൾ / പ്രസിദ്ധീകരണങ്ങൾ, ജനകീയ സമരപരിപാടികൾ എന്നീ വിഷയങ്ങളിലാണ് ഗ്രൂപ്പു ചർച്ചകൾ നടന്നത്. തുടർന്ന് ഗ്രൂപ്പുകളുടെ അവതരണങ്ങളും തുടർ ആലോചനകളെക്കുറിച്ചുള്ള വിശദമായ ചർച്ചയും നടന്നു. വിജയരാഘവൻ ചേലിയ ചർച്ചകൾ മോഡറേറ്റ് ചെയ്തു. സി. ആർ നീലകണ്ഠൻ, എസ് ഉഷ, എസ് പി രവി, വിളയോടി വേണുഗോപാൽ, ടി.കെ.വാസു തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു. നെൽവയലുകളെ സംരക്ഷിക്കുന്നതിനായി സംസ്ഥാന തലത്തിൽ വയൽ രക്ഷാ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിനും അതിന്റെ ഭാഗമായി സെപ്തംബർ 5ന് എല്ലാ ജില്ല കേന്ദ്രങ്ങളിലും സമരപരിപാടി സംഘടിപ്പിക്കുന്നതിനുമായി സംഘാടക സമിതി രൂപീകരിച്ചു. ഒക്ടോബർ 16 ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ വിത്ത് എറിഞ്ഞുകൊണ്ട് സംസ്ഥാനതല സമരം ആരംഭിക്കാനും കൺവെൻഷൻ തീരുമാനിച്ചു.