നർമ്മദയിൽ ഗ്രാമവാസികൾ (അര ലക്ഷത്തോളം കുടുംബങ്ങൾ) കുടിയൊഴിപ്പിക്കൽ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഗ്രാമങ്ങളിലെല്ലാം തന്നെ സർക്കാർ ഇതിനകം നോട്ടീസ് നൽകിക്കഴിഞ്ഞു. ഇൗ മാസത്തിനുള്ളിൽ തന്നെ സർക്കാർ ലിസ്റ്റിലുള്ള മുഴുവനാളുകളും ഗ്രാമങ്ങൾ ഒഴിഞ്ഞു പോകണമെന്നും അല്ലാത്ത പക്ഷം ബലം പ്രയോഗിച്ച് ഒഴിപ്പിക്കുമെന്നുമാണ് സർക്കാർ ഭീഷണി. അതിനവർ കോടതി വിധി സമ്പാദിച്ചിട്ടുമുണ്ട്. എന്നാൽ നർമ്മദയിലെ ജനകീയ സമര ശക്തി ഇന്ത്യയൊട്ടാകെ പടരുകയാണ്. കൃത്യമായ നഷ്ടപരിഹാരമോ പുനരധിവാസമോ ഒരുക്കാതെ ഒരിടത്തേക്കും ഒഴിഞ്ഞു പോകാൻ അവർ തയ്യാറല്ലെന്നു മാത്രമല്ല, അതിശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് തന്നെയാണ് ഗ്രാമവാസികൾ ഒന്നടങ്കം പറയുന്നത്. നർമ്മദയിലെ ജനകീയ സമരത്തെ അവഗണിച്ച് മുന്നോട്ട് പോകുന്ന മദ്ധ്യപ്രദേശ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മേധാ പട്കറും സംഘവും ഇക്കഴിഞ്ഞ 27 മുതൽ ബഡ്വാനിയിൽ നിരാഹാര സത്യാഗ്രഹത്തിലാണ്.
പരിസ്ഥിതിയുമായും മനുഷ്യാവകാശവുമായും മറ്റ് ജനകീയ വിഷയങ്ങളുമായും ബന്ധപ്പെട്ട് കഴിഞ്ഞ 30 വർഷക്കാലമായി കേരളത്തിലെ ജനകീയ സമരങ്ങളോടൊപ്പം നിൽക്കുന്ന നർമ്മദ സമര പ്രവർത്തകരെ അവരുടെ ആത്മാർത്ഥമായ പരിശ്രമങ്ങളെ സമരങ്ങളെ നാം വിസ്മരിച്ചു കൂടാ. ആയതിനാൽ നർമ്മദാ തീരത്ത് മേധാ പട്കറിന്റെ നേതൃത്വത്തിൽ നടക്കുന്ന നിരാഹാര സത്യാഗ്രഹ സമരത്തോട് എെക്യപ്പെട്ട് 2017 ആഗസ്റ്റ് 1, ചൊവ്വാഴ്ച രാവിലെ പത്തു മണി മുതൽ അഞ്ചു മണി വരെ എൻ.എ.പി.എം. തൃശൂർ കോർപറേഷനു മുന്നിൽ ഏകദിന ഉപവാസ സത്യാഗ്രഹ സമരം സംഘടിപ്പിക്കുകയുണ്ടായി.
August 2017